ഡൽഹി: ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുകയാണെന്നും അദ്ദേഹത്തെ വരവേൽക്കാൻ മധ്യപ്രദേശ് ജനതയും കോൺഗ്രസും കാത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കമൽനാഥ്.
രാഹുൽ ഗാന്ധിയെ ‘ഞങ്ങളുടെ നേതാവ്’ എന്ന് പ്രകീർത്തിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ കമൽനാഥ് രംഗത്ത് വന്നതോടെ അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായി.
“രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാൻ മധ്യ പ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ആവേശപൂർവം കാത്തിരിക്കുകയാണ്. അടിച്ചമർത്തലിനും അനീതിക്കും ചൂഷണത്തിനുമെതിരെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ കരുത്തിനും ധൈര്യത്തിനുമൊപ്പം മധ്യപ്രദേശിലെ മുഴുവൻ ജനങ്ങളും ധീരരായ കോൺഗ്രസ് പ്രവർത്തകരും അണിനിരക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
അനീതിക്ക് അറുതിവരുത്താനുള്ള ഈ മഹത്തായ പ്രചാരണത്തിൽ നമ്മളൊന്നിച്ചു നിൽക്കണം” -സമൂഹ മാധ്യമമായ ‘എക്സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കമൽനാഥ് ആവശ്യപ്പെട്ടു.