ഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്‍റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്തുവിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കർഷകർക്ക് നേരെ വെടി ഉതിർത്തുവെന്നാണ് ആരോപണം.
ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ടത്. ബത്തിൻഡ ജില്ലയിലെ ബല്ലോഹ് ഗ്രാമത്തിൽ നിന്നുള്ള കർഷകനാണ് അദ്ദേഹം. അതേസമയം, ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാർ കർഷകർക്ക് എതിരായ നടപടിക്ക് കൂട്ട് നിൽക്കുന്നുവെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
ഖനൗരിയിൽ നിന്ന് തലയുടെ പിൻഭാഗത്ത് മുറിവേറ്റാണ് ശുഭ്‌കരൺ മരിച്ചതെന്ന് രജീന്ദ്ര ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹർനാം സിംഗ് രേഖി പറഞ്ഞു.
മരണ കാരണം വെടിയുണ്ടയുടെ പരുക്ക് ആയിരിക്കാമെന്നും എന്നാൽ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. വെടിയേറ്റതിനെ തുടർന്ന് വീണതാണ് പരിക്കിന്റെ കാരണമെന്ന് ഒരു ഡോക്ടർ പറഞ്ഞപ്പോൾ, ആ സാധ്യത തള്ളാനാവില്ലെന്നും ഡോ. രാഖി കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് ലഭിച്ച വിവരം ഒരു റബ്ബർ ബുള്ളറ്റ് ശുഭ് കരണിന് ഏറ്റെന്നാണെന്ന് ഡി.ഐ.ജി (പാട്യാല റേഞ്ച്) ഹർചരൺ സിങ് ഭുള്ളർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. “കൃത്യമായ വിശദാംശങ്ങൾ ഡോക്ടർമാർ ലഭ്യമാക്കും.
ഡോക്ടർമാരുമായി ഏകോപിപ്പിക്കാൻ ഞങ്ങൾ ഒരു ഡി.എസ്.പിയെ അയച്ചിട്ടുണ്ട്. ഒരു കൂട്ടം പ്രതിഷേധക്കാർ കുറ്റിക്കാടുകൾ കത്തിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു,” ഡി.ഐ.ജി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *