കോട്ടയം: . സംസ്ഥാനതലപട്ടയമേളയുടെ ഭാഗമായി കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ 1210 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. അർഹരായ എല്ലാ കുടുംബങ്ങളെയും ഭൂമിയുടെ അവകാശികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പട്ടയങ്ങൾ അനുവദിക്കുന്നത്. കാലങ്ങളായുള്ള സ്വന്തം ഭൂമി എന്ന സ്വപ്നമാണ് നിരവധി ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്
സ്വന്തം ഭൂമിക്കായുള്ള 28 വർഷത്തെ എം.ആർ. സുകുമാരന്റെ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങളായിട്ട് താമസിച്ചു വന്ന രണ്ട് സെന്റ് ഭൂമിയ്ക്കാണ് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് പട്ടയം സ്വീകരിച്ചു. കോട്ടയം താലൂക്കിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ രാജീവ് കോളനിയിലാണ് എം.ആർ. സുകുമാരനും ഭാര്യയും താമസിക്കുന്നത്. പ്രായത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നും സഹോദരങ്ങൾ സഹായിച്ചാണ് കുടുംബ ചെലവുകൾ നടന്നു പോകുന്നതെന്നും സുകുമാരൻ പറഞ്ഞു.
നാലു സെന്റ് ഭൂമിയുടെ അവകാശിയായ സന്തോഷത്തിലാണ് മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ പാതാമ്പുഴ വലിയപറമ്പിൽ വീട്ടിൽ വി.കെ. നളിനി. സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ 28 വർഷം കാത്തിരുന്നതായും സർക്കാർ തന്നെ ഭൂമിയുടെ ഉടമസ്ഥയാക്കിയെന്നും നളിനി പറയുന്നു. സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് നളിനി പട്ടയം ഏറ്റുവാങ്ങി. മകനോടൊപ്പമാണ് നളിനി പട്ടയം ഏറ്റുവാങ്ങാനെത്തിയത്.