ന്യൂയോർക്ക്: ന്യൂ യോർക്കിൽ ഡൊണാൾഡ് ട്രംപിനെതിരെ പ്രസിഡന്റ് ജോ ബൈഡൻ 12 പോയിന്റിന്റെ ലീഡ് നേടിയതായി സിയെന കോളജ് സർവേ. ന്യൂ യോർക്കിലെ 48% വോട്ടർമാർ ബൈഡനെ പിന്തുണയ്ക്കുന്നു എന്ന സർവേ പുറത്തു വരുന്നത് ട്രംപിനെ സാമ്പത്തിക തട്ടിപ്പു കേസിൽ $355 മില്യൺ പിഴയടിക്കാൻ കോടതി ശിക്ഷിച്ചതിനു പിന്നാലെയാണ്.
സർവേയിൽ ട്രംപ് 36% പിന്തുണ നേടിയപ്പോൾ 16% തീരുമാനം എടുത്തിട്ടില്ലെന്നു അറിയിച്ചു. റോബർട്ട് കെന്നഡി ജൂനിയർ, കോർണെൽ വെസ്റ്റ് എന്നിവർ കൂടി ഉൾപ്പെട്ട മത്സരത്തിൽ ബൈഡന്റെ ലീഡ് 10 പോയിന്റായി ചുരുങ്ങുന്നുണ്ട്.
സംസ്ഥാനത്തു 2020 തെരഞ്ഞടുപ്പിൽ പക്ഷെ ബൈഡനു ഇതിന്റെ ഇരട്ടിയോളം ഭൂരിപക്ഷം ഉണ്ടായിരുന്നു: 23%. ഹിലരി ക്ലിന്റൺ 2016ൽ ഇവിടെ ഏതാണ്ട് അത്രയും ഭൂരിപക്ഷത്തിനു തന്നെ ട്രംപിനെ തോൽപിച്ചതാണ്. 1984ൽ റൊണാൾഡ് റെയ്ഗൻ ജയിച്ച ശേഷം ഒരു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും ന്യൂ യോർക്ക് നേടിയിട്ടില്ലെന്നു പോൾസ്റ്റർ സ്റ്റീവൻ ഗ്രീൻബെർഗ് ചൂണ്ടിക്കാട്ടി.
സ്വതന്ത്ര വോട്ടർമാരിൽ നേരിയൊരു ഭൂരിപക്ഷം ബൈഡനും ട്രംപും അല്ലാതെ മറ്റൊരു സ്ഥാനാർഥി വരണമെന്ന് ആഗ്രഹിക്കുന്നു.
ന്യൂ യോർക്കിലെ ചില റിപ്പബ്ലിക്കൻ ഹൗസ് സീറ്റുകൾ മറിച്ചെടുക്കാൻ ശ്രമിക്കുന്ന ഡെമോക്രാറ്റുകൾക്കു അത് അതിപ്രധാനമാവും എന്നു പോൾസ്റ്റർ പറയുന്നു.
ബൈഡനു പകരം മറ്റൊരു സ്ഥാനാർഥി എന്ന നിർദേശം ഭ്രാന്താണെന്ന് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജയ്‌മേ ഹാരിസൺ അതിനിടെ പറഞ്ഞു.