റാഫ: ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്തിവച്ച് ഐക്യരാഷ്ട്രസംഘടനയുടെ ഏജന്‍സിയായ ലോക ഭക്ഷ്യ പരിപാടി.
ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനാലാണിത്. മാസങ്ങളായി ഭക്ഷണവും മരുന്നും ശുദ്ധജലവും ലഭിക്കാതെ നരകജീവിതം നയിക്കുകയാണ് ഗാസയിലെ 23 ലക്ഷം ജനങ്ങൾ.
ആറിൽ ഒരു കുട്ടി കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായാണ് യുനെസ്കൊ റിപ്പോർട്ട്. ഭക്ഷണവിതരണം പൂർണമായും നിർത്തുന്നത് 7.5 ലക്ഷത്തിൽപ്പരം ആളുകളെ മരണശിക്ഷയ്ക്ക് വിധിക്കുന്ന നടപടിയാണ്.
എന്നാൽ, ക്രമസമാധാനം പൂർണമായും തകർന്ന മുനമ്പിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കാനാകാത്തതിനാലാണ് കടുത്തതീരുമാനമെടുത്തതെന്ന് ലോക ഭക്ഷ്യ പരിപാടി വിശദീകരിക്കുന്നു.
ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ നാമമാത്ര ട്രക്കുകളെയാണ് അവശ്യവസ്തുക്കളുമായി മുനമ്പിലേക്ക് കടത്തിവിടുന്നത്. വിശന്നുവലഞ്ഞ ഗാസ നിവാസികൾ ട്രക്കുകളിൽനിന്ന് ഭക്ഷണം നേരിട്ട് എടുത്ത് കഴിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാക്കുന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ കടന്നാക്രമണത്തിൽ ഇതുവരെ 29,313 ഗാസനിവാസികൾ കൊല്ലപ്പെട്ടതായാണ് കണക്ക്.