ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ മരിച്ച യുവകര്‍ഷകനായ ശുഭ്കരണ്‍ സിംഗ് (21) കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വീട് വിട്ടത് ഫെബ്രുവരി 13നെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകെ ഗ്രാമത്തിലെ തൻ്റെ വീട് വിട്ട് കർഷക മാർച്ചിൽ പങ്കെടുക്കാൻ പോയ ശുഭ്കരണ്‍ എട്ട് ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.
പഞ്ചാബിനെയും ഹരിയാനയെയും വേർതിരിക്കുന്ന ഖനൗരി അതിർത്തിക്ക് സമീപം കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണകാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല.
ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ പോസ്റ്റ്‌മോർട്ടം തടഞ്ഞു. നഷ്ടപരിഹാരത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ ജോലിയാണ് ഇവർ ആവശ്യപ്പെടുന്നത്.
ശുഭകരൻ്റെ കുടുംബത്തിന് രണ്ടേക്കറോളം ഭൂമിയുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. അമ്മ മരിച്ചു. പിതാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. രണ്ട് സഹോദരിമാരില്‍ ഒരാള്‍ വിവാഹിതയാണ്. രണ്ടാമത്തെയാള്‍ വിദ്യാര്‍ത്ഥിനിയും. സഹോദരിയുടെ വിവാഹത്തിന് ശുഭ്കരണ്‍ കടം വാങ്ങിയിരുന്നതായും, ഇവരുടേത് പാവപ്പെട്ട കുടുംബമായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.
കർഷകരുടെ വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതിനുള്ള നിയമം, പെൻഷൻ ആനുകൂല്യങ്ങൾ, വിള ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.