ഇപ്സ്വിച്: ഇപ്സ്വിച് മലയാളികളെ ഒന്നാകെ കണ്ണീർകയത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഒടുവിൽ ബിനു മഠത്തിൽചിറയിൽ യാത്രയായി. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ബിനുവിന്റെ ആകസ്മിക മരണം. 2007 – മുതൽ ഇപ്സ്വിച്ചിലെ താമസക്കാരനാണ്. ജ്യോതിയാണ് ബിനുവിന്റെ ഭാര്യ 17 വർഷം മുൻപാണ് മെച്ചപ്പെട്ട ജീവിത മോഹവുമായി കോട്ടയം സ്വദേശിയായ ബിനു യു കെയിലേക്ക് കുടിയേറിയത്.
ബന്ധുമിത്രാദികൾക്കും ഇപ്സ്വിച് മലയാളികൾക്കും ഒരേപോലെ പ്രീയങ്കരനായിരുന്ന ബിനുവിന് 2021 – ൽ ക്യാൻസർ സ്ഥിതീകരിച്ചു. തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഫെബ്രുവരി 29, ഉച്ചക്ക് 2.30 – ന് സെമിറ്ററി ലെയ്നിലുള്ള ഇപ്സ്വിച് ക്രമറ്റോറിയത്തിൽ വെച്ച് നടക്കും. വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും കാണിച്ച ലക്ഷണങ്ങളെ തുടർന്ന്, നടത്തിയ വിദഗ്ധമായ പരിശോധനയിൽ ബിനുവിന്റെ പാൻക്രിയാസിന് സമീപം ട്യൂമറും ക്യാൻസർ കോശങ്ങളുടെ സാന്നിധ്യവും കണ്ടെത്തി.
ട്യൂമറിന്റെ വലിപ്പം കുറയാതെ സർജറി നടത്തുവാൻ സാധികാതിരുന്നതിനാൽ, കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കീമോതെറാപ്പി ചെയ്തു വരുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതി കൈവരിക്കാതെയിരുന്നതിനാൽ, മെഡിക്കൽ സംഘം ബിനുവിനെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുകയായിരുന്നു. ജീവിത പ്രാരാബ്ദ്ധങ്ങളിൽ പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എല്ലാ ദിവസങ്ങളിലും ജോലിക്ക് പോയിരുന്ന ബിനുവിന്റെ വേർപാടോടെ, കുടുംബത്തിനൊന്നാകെ ഉണ്ടായിരുന്ന ഏക അത്താണിയാണ് ഇല്ലാതായത്.
17 വർഷം മുമ്പ് യു കെയിലേക്ക് കുടിയേറിയെങ്കിലും സ്വന്തമായി ഒരു വീടോ അനുബന്ധ സൗകര്യങ്ങളോ ഈ കുടുംബത്തിനില്ല. കഴിഞ്ഞ എട്ട് വർഷങ്ങളായി ബിനുവിന്റെ ഭാര്യക്കും ജോലിക്ക് പോകുവാൻ സാധിച്ചിരുന്നില്ല. യു കെയിലെ കുടുംബത്തിന്റെയും നാട്ടിൽ ക്യാൻസർ ബാധിതരായ അമ്മമാരുടേയും ഏക ആശ്രയം ബിനുവിന്റെ തുച്ഛമായ വരുമാനമായിരുന്നു.
ബിനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി, ഇപ്സ്വിച്ലെ രണ്ടു മലയാളി അസോസിയേഷനുകൾ, പള്ളി, വിമെൻസ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തിൽ ധന സമാഹരണം നടത്തിയിരുന്നു. എങ്കിലും, ശ്രമങ്ങളെല്ലാം വിഭലങ്ങളാക്കികൊണ്ട്, തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്ക് ബിനു യാത്രയായി.
ഇപ്സ്വിച് മലയാളി അസോസിയേഷന്റെ പ്രവത്തനങ്ങളിലും മറ്റ് പൊതുകാര്യങ്ങളിലും ശക്തമായ പിന്തുണ നൽകിയിരുന്നു ബിനുവിന്റെ വേർപാട് ഇനിയും വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നിൽക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. അവരെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ഇപ്സ്വിച് മലയാളികൾ.
സംസ്കാരം നടക്കുന്ന സ്ഥലം: Ipswich Cremetoriam Cemetary Lane Ipswich IP4 2TQ