തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികക്ക് അംഗീകാരം നൽകി സി.പി.എം സംസ്ഥാന കമ്മിറ്റി. പൊന്നാനിയിൽ പൊതുസ്വതന്ത്രനായി അവതരിപ്പിക്കുന്ന മുസ്ലീം ലീഗ് മുൻ നേതാവ് കെ.എസ്. ഹംസയാണ് സി.പി.എം സ്ഥാനാ‍ർത്ഥികളിലെ അപ്രതീക്ഷിത സാന്നിധ്യം. അനുയോജ്യരായ സ്ഥാനാർത്ഥികളെ തേടിയലഞ്ഞ എറണാകുളം മണ്ഡലത്തിൽ ഒടുവിൽ പാർ‍ട്ടികൂടാരത്തിൽ നിന്നുതന്നെയുളളയാളെ തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. അധ്യാപക  സംഘടനാ നേതാവ് കെ.ജെ. ഷൈനാണ് സ്ഥാനാർത്ഥി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് മലപ്പുറം മണ്ഡലത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫും മത്സരിക്കും.
വസീഫിനെ  പൊന്നാനിയിലേക്കാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നതെങ്കിലും കെ.എസ്. ഹംസയെ ലഭിച്ചതോടെ മലപ്പുറത്തേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന മന്ത്രി,  പൊളിറ്റ് ബ്യൂറോ അംഗം , നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മൂന്ന് എം.എൽ.എമാ‍ർ, മൂന്ന് ജില്ലാ സെക്രട്ടറിമാർ, രണ്ട്  വനിതകൾ, യുവജന നേതാവ് എന്നിങ്ങനെ എല്ലാവിഭാഗത്തിനും പ്രാതിനിധ്യമുളള പട്ടികയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
 പാ‌‍ർട്ടിയുടെ ദേശിയ പദവിയെ ബാധിക്കുന്ന നി‍ർണായകമായ തിരഞ്ഞെടുപ്പിൽ വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡപ്രകാരം മാത്രമായിരുന്നു സ്ഥാനാ‍ർത്ഥി നി‍ർണയം. അതുകൊണ്ടാണ് സംസ്ഥാന മന്ത്രിസഭയിലെ ലാളിത്യത്തിൻെറ ആൾരൂപവും ജനകീയ പ്രതിഛായയിൽ മുൻപനുമായ കെ.രാധാകൃഷ്ണനെയും മട്ടന്നൂ‍ർ എം.എൽ.എയും മുൻമന്ത്രിയുമായ ജനകീയ വനിതാ നേതാവ് കെ.കെ.ശൈലജയേയും മത്സരിപ്പിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്.
ശബരിമല വിധിയുടെ അലയൊലികളിൽ കൈവിട്ടുപോയ ആലത്തൂർ സീറ്റ് തിരിച്ചുപിടിക്കുകയാണ് രാധാകൃഷ്ണൻെറ ക‍ർത്തവ്യം. 2009 മുതൽ യു.ഡി.എഫ് കൈയ്യടക്കി വെച്ചിരിക്കുന്ന വടകര മണ്ഡലത്തിൽ വിജയക്കൊടി നാട്ടുകയാണ് കെ.കെ. ശൈലജയിൽ അ‍ർപ്പിതമായിരിക്കുന്ന ചുമതല. മധ്യ വർഗ വിഭാഗവുമായി ഏറ്റവും നന്നായി ബന്ധപ്പെടാനാവുന്ന ഡോ. ടി.എം.തോമസ് ഐസക്കിനെ പത്തനംതിട്ടയിലും മത്സരിപ്പിക്കുന്നത് അട്ടിമറി ലക്ഷ്യം വെച്ചാണ്. കോഴിക്കോട് നിന്നുളള നേതാവായ എളമരം കരീമിനെ അതേ മണ്ഡലം തിരികെ പിടിക്കാനുളള ദൗത്യവുമായിട്ടാണ് കളത്തിലിറക്കിയിരിക്കുന്നത്.
പഴയ ക‍‍ർമ്മ മണ്ഡലമായ പാലക്കാട് സീറ്റിൽ വീണ്ടും ജയിക്കുന്നതിനായി പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെയും കളത്തിലിറക്കിയിട്ടുണ്ട്. 1989ൽ പാലക്കാട് എം.പിയായിരുന്ന എ.വിജയരാഘവൻ രണ്ട് തവണ രാജ്യസഭാംഗവുമായിരുന്നു. മൂന്ന് ജില്ലാ സെക്രട്ടറിമാരെ മത്സരിപ്പിക്കാനും സി.പി.എം ഇത്തവണ തീരുമാനിച്ചിട്ടുണ്ട്. കാസ‍ർകോട് , കണ്ണൂ‍ർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരാണ് മത്സരരംഗത്ത് ഉളളത്.
കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻമാസ്റ്റർ കാസർകോട്ടും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കണ്ണൂർ മണ്ഡലത്തിലും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വ‍ർക്കല എം.എൽ.എയുമായ വി.ജോയി ആറ്റിങ്ങൽ സീറ്റിലും മത്സരിക്കും.
ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിൽ നിന്ന് എതി‍ർപ്പ് നേരിട്ടിരുന്നെങ്കിലും ആലപ്പുഴ സീറ്റിൽ എ.എം.ആരിഫ് തന്നെ മത്സരിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ പാ‍‍ർലമെന്ററി രംഗത്ത് നിന്ന് മാറിയ മുൻമന്ത്രി സി. രവീന്ദ്രനാഥിനെ ചാലക്കുടി സീറ്റിൽ മത്സരാർത്ഥിയാക്കി.കസ്തൂരി രംഗൻ റിപ്പോ‍ർട്ടിന് എതിരായ പ്രക്ഷോഭത്തിലൂടെ ഇടുക്കിയിലെ സി.പി.എം സ്ഥാനാർത്ഥി കുപ്പായം ലഭിച്ച ജോയ്സ് ജോ‍ർജ് ഇത്തവണയും സീറ്റ് നേടിയിട്ടുണ്ട്.
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻെറ ജനകീയതയെ മറികടക്കാൻ ചലച്ചിത്രതാരം എം.മുകേഷിനെയാണ് ഇറക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പട്ടിക പാ‍ർലമെന്റ് മണ്ഡലം കമ്മിറ്റികൾ കൂടി അംഗീകരിച്ച ശേഷം ഈ മാസം 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു നൽകുന്ന പട്ടികയിൽ പിന്നീട് കാര്യമായ മാറ്റത്തിന് സാധ്യതയില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed