തിരുവനന്തപുരം : സമസ്തയുടെ പിന്തുണ പ്രതീക്ഷിച്ച് പൊന്നാനി മണ്ഡലത്തിൽ വീണ്ടും സി.പി.എമ്മിൻെറ രാഷ്ട്രീയ പരീക്ഷണം. നേതൃത്വവുമായി കലഹിച്ച് പാർട്ടി വിട്ട മുസ്ലിം ലീഗ് നേതാവും സമസ്തയുടെ നേതാവുമായ കെ.എസ്. ഹംസയെ രംഗത്തിറക്കി കൊണ്ടാണ് ഇത്തവണ പൊന്നാനി പിടിക്കാനുളള കരുനീക്കങ്ങൾ. എക്കാലവും പാർട്ടിയെ പിന്തുണച്ചുപോരുന്ന എ.പി വിഭാഗം സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ അനുമതി വാങ്ങിയശേഷമാണ് സമസ്ത വിഭാഗം നേതാവിനെ കളത്തിലിറക്കിയിരിക്കുന്നത്.
പൊന്നാനി ലോകസഭാ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലുളള രാഷ്ട്രീയ മേൽക്കൈക്ക് ഒപ്പം സമസ്തയിലെ ലീഗ് വിരുദ്ധരുടെ പിന്തുണ കൂടി ലഭിച്ചാൽ പൊന്നാനിയിൽ അത്ഭുതം നടക്കും എന്ന പ്രതീക്ഷയിലാണ് പുതിയ പരീക്ഷണം. പൊന്നാനി മലപ്പുറം സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ മുസ്ലീം ലീഗും അവരുടെ പ്രവർത്തക അടിത്തറയായി പ്രവർത്തിക്കുന്ന സമസ്തയും തമ്മിലുളള ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു.
സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ട് കൂടി ആകർഷിക്കാൻ കഴിയുന്ന വിധത്തിലുളള സ്ഥാനാർത്ഥിയെ കണ്ടെത്താനായിരുന്നു ശ്രമം. ഇതിൻെറ ഭാഗമായി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗവുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇത്തരം ചർച്ചകളാണ് അച്ചടക്ക നടപടി നേരിട്ട് ലീഗിൽ നിന്ന് പുറത്തായ കെ.എസ്.ഹംസയെ പൊന്നാനിയിൽ മത്സരിപ്പിക്കുന്നതിൽ എത്തിയത്.
ലീഗ് -സമസ്ത ബന്ധം ഉപയോഗപ്പെടുത്തുന്ന സ്ഥാനാർഥി വരുമെന്ന വാർത്തകൾ വന്നപ്പോൾ സി.പി.എം നേതൃത്വവും സമസ്ത നേതൃത്വവും അത് തളളിക്കളഞ്ഞിരുന്നു. എന്നാൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമ്പോൾ വാർത്തകൾ ശരി വെയ്ക്കപ്പെടുകയാണ്. സമസ്തയുടെ വോട്ട് നേടാനാകുന്ന സ്ഥാനാർത്ഥിയെ അവതരിപ്പിച്ചെങ്കിലും അത് എങ്ങനെ സ്വീകരിക്കപ്പെടും എന്നാണ് അറിയാനുളളത്. പാർട്ടി വിട്ടുപോകുന്നവർ എതിർ പാളയത്തിലെത്തിയാൽ വാശിയോടെ പ്രവർത്തിക്കുന്നതാണ് ലീഗ് അണികളുടെ ശൈലി. അത് കണക്കിലെടുക്കുമ്പോൾ ഹംസയുടെ സ്ഥാനാർത്ഥിത്വം അവരെ കൂടുതൽ വാശിയുളളവരാക്കാനാണ് സാധ്യത. അപ്പോൾ പരമ്പരാഗത ലീഗ് അണികളായ സമസ്തക്കാരുടെ വോട്ട് ഇടത് സ്ഥാനാർത്ഥിക്ക് ലഭിക്കുമോ എന്നതാണ് സംശയം. ഇടത് സ്ഥാനാർത്ഥിയെങ്കിലും സമസ്ത നേതാവായ ഹംസക്ക് വോട്ട് കുത്താൻ എ.പി.സുന്നികൾ തയാറാകുമോ എന്നതും ഇടത് കേന്ദ്രങ്ങളുടെ ആശങ്കയാകുന്നു.
ഇതാദ്യമായല്ല പൊന്നാനി ലോകസഭാ മണ്ഡലത്തിൽ സി.പി.എം രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്നത്.മണ്ഡല പുനർനിർണയത്തിലൂടെ ഇന്നത്തെ പൊന്നാനി നിലവിൽ വന്ന 2009 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും ഓരോ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅദനി കോയമ്പത്തൂർ കേസിൽ ജയിൽ മോചിതനായി വന്നതിന് പിന്നാലെയുണ്ടായ സാഹചര്യം മുതലെടുക്കുക ലക്ഷ്യമിട്ടായിരുന്നു 2009ലെ ആദ്യ പരീക്ഷണം.
സീറ്റ് വിഭജനത്തിൽ സി.പി.ഐക്ക് നൽകിയ സീറ്റിൽ മഅദനിക്ക് കൂടി സ്വീകാര്യനായ പൊതുസമ്മതനെ ഇറക്കി പരീക്ഷിക്കാനായിരുന്നു നീക്കം. പി.ഡി.പി പിന്തുണ ഉറപ്പിക്കാൻ ചരിത്രാധ്യാപകൻ ഡോ.ഹുസൈൻ രണ്ടത്താണിയെ കണ്ടെത്തി അവതരിപ്പിച്ചതോടെ അപകടം മണത്ത സി.പി.ഐ കടകം മറിഞ്ഞു. മുന്നണിയിൽ തന്നെ വലിയ തർക്കമായി മാറിയ വിഷയം ഒത്തുതീർപ്പായത് പൊന്നാനിക്ക് പകരം സി.പി.ഐക്ക് വയനാട് സീറ്റ് കൈമാറിക്കൊണ്ടാണ്.
ഹൂസൈൻ രണ്ടത്താണിയുമായി മുന്നോട്ടുപോയ സി.പി.എമ്മിൻെറ പരീക്ഷണം ഏശിയില്ല. രണ്ടത്താണി ദയനീയമായി പരാജയപ്പെട്ടു. പി.ഡി.പിയുമായി കൈകോർത്തതിനെ പാർട്ടിക്കകത്ത് വി.എസ് അച്യുതാനന്ദൻ വിവാദമാക്കിയെടുക്കുകയും ചെയ്തു. കോൺഗ്രസ് പാളയത്തിൽ നിന്ന് വി.അബ്ദുറഹ്മാനെ അടർത്തിയെടുത്തുകൊണ്ടുവന്ന് മത്സരിപ്പിച്ചുകൊണ്ടായിരുന്നു 2014ലെ പരീക്ഷണം. അതും പാളിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്തുവെന്ന് വേണം പറയാൻ.
ഇടതുപക്ഷത്ത് ഉറച്ച അബ്ദുറഹ്മാൻ 2016ൽ തിരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയം വരിച്ചു. 2021ൽ വീണ്ടും വിജയം ആവർത്തിച്ച ആ അബ്ദുറഹ്മാനാണ് ഇപ്പോഴത്തെ കായിക മന്ത്രി. 2019ൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ വെച്ചായിരുന്നു പരീക്ഷണം.അതും പച്ചതൊട്ടില്ല, ഇ.ടി മുഹമ്മദ് ബഷീറിനോട് അൻവർ നിലംപറ്റി. ഇക്കുറി ലീഗ് – സമസ്ത ഭിന്നതയിൽ ലാഭം കൊയ്യാനാണ് പരീക്ഷണ പുറപ്പാട്.