തിരുവനന്തപുരം: പാളത്തിൽ പാറക്കല്ലുകളും കോൺക്രീറ്ര് സ്ലാബുകളും ഇരുമ്പ് പൈപ്പും ക്ലോസറ്റുമൊക്കെ വച്ച് തീവണ്ടികൾ മറിക്കാനുള്ള ശ്രമം വ്യാപകമാവുകയാണ്. കേരളത്തിൽ പത്തുവർഷത്തിനിടെ നൂറിലേറെ തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായി. കേരള അതിർത്തിയായ നാഗർകോവിലിനു സമീപം പാർവതിപുരം മേഖലയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതാണ് ഏറ്റവും ഒടുവിലത്തേത്.
തിരുനെൽവേലി ജംക്‌ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിൻ നാഗർകോവിലിനടുത്ത് പാർവതിപുരം ഭാഗത്തിനുസമീപം സഞ്ചരിക്കുമ്പോൾ പെട്ടെന്ന് കല്ലുകളിൽ ഇടിക്കുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങി നോക്കിയപ്പോഴാണ് അട്ടിമറി ശ്രമം കണ്ടെത്തിയത്.
സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പ് ചിലർ ഇരുചക്രവാഹനത്തിൽ ഇതുവഴി കടന്നുപോയിരുന്നെന്ന് ഗേറ്റ് കീപ്പർ പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രെയിൻ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തുന്നത്.

ലീസും ആർ.പി.എഫും നിസഹായരാണ്. പാളത്തിൽ തെങ്ങ് മുറിച്ചിട്ടും ഡ്രില്ലിംഗ് മെഷീൻ കൊണ്ട് തുളയിട്ടും വരെ അട്ടിമറിക്ക് ശ്രമമുണ്ടായി. 

കണ്ണൂർ പഴയങ്ങാടിയിൽ പാളത്തിൽ കല്ലുകൾ നിരത്തിവച്ച് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്‌പ്രസ് അട്ടിമറിക്കാൻ ശ്രമിച്ചു. വടക്കൻ ജില്ലകളിൽ ട്രെയിനുകൾ പാളംതെറ്റിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. കണ്ണൂരിൽ വളപട്ടണം, പാപ്പിനശേരി, കണ്ണൂർ, തോട്ടട എന്നിവിടങ്ങളിൽ മുൻപ് പാളത്തിൽ കല്ലുകൾ നിരത്തിവച്ചിരുന്നു.
ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല. മിക്കയിടത്തും അന്യസംസ്ഥാന തൊഴിലാളികളെയാണ് പൊലീസിന് സംശയം. ആഗസ്റ്റിൽ കാസർകോട്ട് കളനാട്ട് റെയിൽവേ തുരങ്കത്തിനടുത്ത് പാളത്തിൽ ക്ലോസറ്റ് കഷണവും കല്ലുകളും വച്ച് കോയമ്പത്തൂർ-മംഗളുരു ഇന്റർസിറ്റി എക്സ്‌പ്രസ് പാളംതെറ്റിക്കാൻ ശ്രമിച്ചിരുന്നു.
കൊച്ചിയിൽ കുമ്പളം കായലിന് കുറുകെയുള്ള നടപ്പാതയിലെ 13 ഗ്രില്ലുകൾ അഴിച്ച് പാളത്തിൽ വച്ചു. ഗ്രില്ലുകൾ ഇരുമ്പിന്റേതായിരുന്നെങ്കിൽ ട്രെയിൻ പാളംതെറ്റി കായലിൽ വീഴുമായിരുന്നു. 2010 ജൂലായിൽ ഷെർണൂർ- നിലമ്പൂർ പാസഞ്ചറിന്റെ എൻജിനിലെയും 7 കോച്ചുകളിലെയും ബ്രേക്കും ഫീഡർപൈപ്പുകളും മുപ്പതിടത്ത് മുറിച്ചിട്ട് അട്ടിമറിക്ക് ശ്രമിച്ചിരുന്നു. ഏപ്രിലിൽ കുമ്പള-കാസർകോട് പാതയിൽ കൂറ്റൻ കല്ലുകൊണ്ടിട്ടും മഞ്ചേശ്വരം-ഉപ്പള പാതയിൽ മൈൽകുറ്റിയിട്ടും ട്രെയിൻ മറിക്കാൻ ശ്രമമുണ്ടായി.
കേരളത്തിൽ പലേടത്തും പാളത്തിൽ അട്ടിമറി ശ്രമമുണ്ടായിട്ടുണ്ട്. പാളത്തിൽ ഇരുമ്പുപാളിയും കല്ലും കോൺക്രീറ്റ് സ്ലാബുകളും വച്ചും ഡ്രില്ലിംഗ് മെഷീൻ കൊണ്ട് തുളയിട്ടും ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം ഒരുവശത്ത്. യാത്രക്കാർക്ക് മേൽ പെട്രോളൊഴിച്ച് തീകൊളുത്തിയും വനിതകളെ ഉപദ്രവിച്ചും എ.സി കോച്ചുകൾ കൊള്ളയടിച്ചും ഭീതിപരത്തുന്നത് മറുവശത്ത്.

യാത്രയിലെ അരക്ഷിതത്വം വർദ്ധിക്കുമ്പോഴും ട്രെയിനിലെ സുരക്ഷ തട്ടിക്കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. കേരളത്തിലോടുന്ന മുന്നൂറിലേറെ ട്രെയിനുകളിലായി നിത്യേന ഒമ്പത് ലക്ഷത്തോളം യാത്രക്കാരുണ്ട്. തുടരെത്തുടരെ അട്ടിമറി ശ്രമങ്ങളുണ്ടാവുമ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ട്രെയിനുകൾ അപകടത്തിൽപ്പെടാതെ രക്ഷപെടുന്നത്.

മാവേലിക്കരയിൽ വഞ്ചിനാട് ട്രെയിനിൽ ജലാറ്റിൻ സ്റ്റിക്, ഡിറ്റണേറ്ററുകൾ, സേഫ്‌റ്റിഫ്യൂസുകൾ എന്നിവ പിടിച്ച സംഭവമുണ്ടായിരുന്നു. കോഴിക്കോട് ഫറൂക്കിൽ റെയിൽവേ ട്രാക്കിൽ ഡ്രില്ലറുകളുപയോഗിച്ച് പാളത്തിൽ 34 ദ്വാരങ്ങളുണ്ടാക്കിയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ഇതിനു പിന്നാലെ അതേസ്ഥലത്ത് ട്രാക്കിനു കുറുകെ ആറടിനീളമുള്ള ഇരുമ്പ് പൈപ്പ് വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമുണ്ടായി.
കായംകുളത്ത് പാളങ്ങൾ അടുക്കുന്ന പോയിന്റുകൾക്കിടയിൽ പാറക്കല്ലുകൾ തിരുകിവച്ചായിരുന്നു അട്ടിമറിക്ക് ശ്രമിച്ചത്. കണ്ണൂരിൽ പാളങ്ങളുടെ ജംഗ്ഷൻ പോയിന്റിൽ കരിങ്കല്ലുകൾ വച്ചു. കായംകുളം ചേരാവള്ളിയിൽ പാളം ഉറപ്പിച്ചിരുന്ന ഉരുക്കുകമ്പികൾ ഇളക്കിമാറ്റി.
മഞ്ചേശ്വരത്ത് റെയിൽപാളത്തിനു കുറുകെ 35 കിലോയുള്ള ഇരുമ്പുദണ്ഡ് കൊണ്ടുവച്ചെങ്കിൽ കൊല്ലം ഇരവിപുരത്ത് ട്രാക്കിനു കുറുകെ വലിയ കോൺക്രീറ്റ് സ്ലാബിട്ടായിരുന്നു അട്ടിമറിക്ക് ശ്രമിച്ചത്. ആളൂരിലും കാപ്പിലും പാളത്തിലെ വളവിൽ ട്രാക്കിലേക്ക് തെങ്ങ് മുറിച്ചിട്ടാണ് ട്രെയിൻ മറിക്കാൻ ശ്രമിച്ചത്.
കോട്ടയം-എറണാകുളം പാതയിൽ കുരീക്കാട്ട് പാളത്തിൽ ഇരുമ്പ് ഷീറ്റ് കൊണ്ടിട്ടു. അരൂർ–കുമ്പളം റെയിൽപാലത്തിലെ നടപ്പാതയിലെ ഗ്രില്ലുകൾ അഴിച്ചെടുത്ത് ട്രാക്കിൽ വച്ചു. കോഴിക്കോട്ട് കുണ്ടായിത്തോട്ടിൽ ട്രാക്കിൽ 60 മീറ്റർ നീളത്തിൽ കല്ലുകൾ നിരത്തിയാണ് അട്ടിമറിക്ക് ശ്രമിച്ചത്. ഈ സംഭവങ്ങളിലെല്ലാം ഭാഗ്യം കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു.
ഇതിനു പുറമെ വന്ദേഭാരത് അടക്കം ട്രെയിനുകൾക്ക് നേരെ തുടരെത്തുടരെ കല്ലേറുണ്ടാവുന്നു. നിരവധി യാത്രക്കാർക്കാണ് കല്ലേറിൽ പരിക്കേറ്റിട്ടുള്ളത്. ഈ സംഭവങ്ങളിൽ കേസെടുക്കാറുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമാവാറില്ല.
തുടരെത്തുടരെ അട്ടിമറി ശ്രമങ്ങളുണ്ടാവുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. വിമാനത്താവളങ്ങളിലെപ്പോലെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് 2014 ഒക്ടോബർ മുതൽ സംസ്ഥാനം ആവശ്യപ്പെട്ടതാണ്.

സ്റ്റേഷനുകളിലെ ക്രമസമാധാനവും കേസന്വേഷണവും റെയിൽവേ പൊലീസ് തുടർന്നും വഹിക്കാമെങ്കിലും സുരക്ഷാ ചുമതല ആർ.പി.എഫിനെ (റെയിൽവേ സംരക്ഷണസേന) ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം. റെയിൽവേയിലെ ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കുറ്റകൃത്യങ്ങൾ തടയുക, കേസുകൾ രജിസ്റ്റർ ചെയ്യുക, കേസന്വേഷിക്കുക, ഓടുന്ന ട്രെയിനുകളിൽ സുരക്ഷയൊരുക്കുക എന്നിവയെല്ലാം പൊലീസ് നിർവഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.

സുരക്ഷാഏകോപനം ആർ.പി.എഫ് വഹിക്കുമെന്നാണ് റെയിൽവേയുടെ നിലപാട്. കണ്ണൂരിനും കാസർകോടിനും ഇടയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവാകുന്നതിനിടെയാണ് പാളത്തിൽ അട്ടിമറിക്കുള്ള ശ്രമമുണ്ടായത്. ട്രെയിനിന് കല്ലെറിയുന്നതും യാത്രക്കാർക്ക് പരിക്കേൽപ്പിക്കുന്നതും 10 വർഷം ശിക്ഷകിട്ടാവുന്ന കുറ്റമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *