അടിമാലി: നെഞ്ചുപൊട്ടുന്ന നൊമ്പരങ്ങൾ പങ്കുവെക്കാൻ എത്തിയവർക്ക് ആശ്വാസം പകർന്ന് ജനകീയ ചർച്ച സദസ്സ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി നടത്തുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായാണ് അടിമാലിയിൽ  ജനകീയ ചർച്ച സദസ്സ് സംഘടിപ്പിച്ചത്.
ജനിച്ചുവളർന്ന മണ്ണിൽ പരദേശികളെ പോലെ കഴിയുന്ന നൂറുകണക്കിന് പേരാണ്  ജനസദസ്സിൽ എത്തിയത്. 15 വർഷമായി പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്ന വലിയതവാളയിൽ നിന്നുള്ള സോമൻ വളന്തശേരിയുടെ വാക്കുകളിൽ കുടിയിറക്കൽ ഭീഷണിയിൽ കഴിയുന്ന ഒരു ജനതയുടെ മുഴുവൻ ആശങ്കകളും നിറഞ്ഞുനിന്നു. സോമന് ചുണ്ടിനും കപ്പിനും ഇടയിലാണ് പട്ടയം നിഷേധിക്കപ്പെട്ടത്.
ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ പ്രവർത്തകൻ പി.എം. സുനിലിന് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നത് ജനവാസ മേഖല വനംവകുപ്പ് കൈയേറുന്ന ഉദ്യോഗസ്ഥ ദുഷ് പ്രഭുത്തത്തെ കുറിച്ചാണ്. പാമ്പാടി ചോലയിലെ 1500 ഏക്കർ ജനവാസ മേഖല അധികൃതർ വനഭൂമിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് ഡി നോട്ടിഫിക്കേഷൻ ചെയ്യാനുള്ള പോരാട്ടത്തിലാണ് ഭൂസംരക്ഷണ സമിതി.

കല്ലാർകുട്ടി, വെള്ളത്തൂവൽ, പത്തുചെയിൻ 2500 ഓളം കുടുംബങ്ങൾ പട്ടയത്തിനായി നെട്ടോട്ടമോടുന്ന ദുരിത കഥയാണ് പി.വി.അഗസ്റ്റിൻ  പങ്കുവെച്ചത്. കാർഡമം ഹിൽ റിസർച്ച് ഏരിയയിലെ പ്രശ്നങ്ങളാണ് സിബി ജയിംസിന് പറയാനുണ്ടായിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഏലം കൃഷി ചെയ്യുന്ന ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങളാണ് പി.ആർ.സന്തോഷ് പറഞ്ഞത്.
ഭൗമസൂചിക പദവി ലഭിച്ചിട്ടുള്ള മറയൂർ ശർക്കര വിപണിയിൽ തമിഴ്നാട്ടിൽ നിന്നുള്ള മായം കലർന്ന ശർക്കര കടന്നു വരുന്നത് വലിയ വെല്ലുവിളിയാണെന്ന് കരിമ്പ് കർഷകൻ പരമശിവൻ ചൂണ്ടിക്കാണിച്ചു. 2500 ഏക്കർ സ്ഥലത്ത് കരിമ്പ് കൃഷി ഉണ്ടായിരുന്നു. ഇപ്പോഴത് 500 ഏക്കറിലേക്ക് ചുരുങ്ങി. വന്യമൃഗങ്ങൾ കൃഷിനാശം ഉണ്ടാക്കുന്നതും കരിമ്പ് കൃഷിക്ക് ഭീഷണിയാണെന്ന് പരമശിവൻ പറഞ്ഞു.
വട്ടവടയിൽ നിന്നുള്ള പച്ചക്കറി കർഷകർ തങ്ങൾ നട്ടുനനച്ചു വളർത്തിയ ഉൽപ്പന്നങ്ങൾ സമര നായകർക്ക് സമ്മാനിച്ചു കൊണ്ടാണ് തങ്ങളുടെ വിഷയങ്ങൾ അവതരിപ്പിച്ചത്. വന്യമൃഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ കൃഷിക്ക് ഭീഷണിയാണെന്ന് കർഷകൻ രാമയ്യ സങ്കടത്തോടെ പറഞ്ഞു.
1990-ൽ സാമൂഹ്യ വനവൽക്കരണ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും വൃക്ഷത്തൈകൾ നൽകിയിരുന്നു. യൂക്കാലിസ് മരങ്ങളാണ് പ്രധാനമായും വിതരണം ചെയ്തത്. ഈ വൃക്ഷങ്ങൾ ഭൂമിയിലെ ജലാംശം നഷ്ടപ്പെടുത്തി. നെല്ല്,ഗോതമ്പ്,റാഗി,വെളുത്തുള്ളി കൃഷിയെ ഇത് സാരമായി ബാധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് വട്ടവടയിൽ നിന്ന് പച്ചക്കറി ഉൽപ്പന്നങ്ങൾ സംഭരിച്ച വകയിൽ ഹോർട്ടി കോർപ്പ് 50 ലക്ഷം രൂപ കർഷകർക്ക് നൽകാനുണ്ട്.

കേരളം, തമിഴ്നാട്  എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാർക്കാണ് ഇപ്പോൾ പച്ചക്കറി നൽകുന്നത്. ചില സിപിഎം നേതാക്കൾ തമിഴ്നാട്ടിൽനിന്ന് എത്തിച്ച പച്ചക്കറി വട്ടവടയിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോർട്ടികോർപ്പിന് നൽകുന്നുണ്ട്. 18 കോടി രൂപ മുടക്കുമുതലിൽ നിർമ്മിച്ച വട്ടവട പച്ചക്കറി മാർക്കറ്റ് ഉപയോഗശൂന്യമായി നശിക്കുകയാണ്.
അഞ്ച് കിലോമീറ്റർ ദൂരെ വനമേഖലയിൽ നിർമ്മിച്ച മാർക്കറ്റിലേക്ക് റോഡ് സൗകര്യമില്ലെന്ന് കർഷകർ പറഞ്ഞു.  70 വർഷമായി പൂപ്പാറയിൽ കച്ചവടം നടത്തി വന്നവരെ കുടിയിറക്കിയതിനുള്ള പ്രതിഷേധമാണ് കുമാരി മണി പങ്കുവെച്ചത്. പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതു വരെ കച്ചവടം ചെയ്യാൻ അനുമതി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ആദിവാസി മേഖലയിലെ ഭൂപ്രശ്നം, പാർപ്പിടം,വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ഗോത്ര വർഗ്ഗ നേതാവ് കോഴിമല രാജമന്നൻ എത്തിയത്. വനാതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗങ്ങൾ ഉയർത്തുന്ന വെല്ലുവിളിയാണ് ഡയസ് പുല്ലൻ പങ്കുവെച്ചത്. വന്യമൃഗ സംരക്ഷണ നിയമം പ്രകാരം മനുഷ്യനും കൃഷിക്കും ശല്യം ആകുന്ന മൃഗങ്ങളെ വകവരുത്താൻ ഫോറസ്റ്റ് വാർഡ് അധികാരമുണ്ട്. ഇത് നടപ്പിലാക്കുന്നില്ല.
ഇന്ത്യയിലെ വന്യമൃഗങ്ങളുടെ വർദ്ധന ആറ് ശതമാനമാണ്. മനുഷ്യരുടെ വർദ്ധന നിരക്ക് 1.6% ആണ്. സമീപകാല ഭാവിയിൽ ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് അദ്ദേഹം കണക്കുകൾ നിരത്തി ചൂണ്ടിക്കാണിച്ചു.

പ്ലാന്റേഷൻ കോർപ്പറേഷന് പാട്ടത്തിന് നൽകിയിരിക്കുന്ന വനഭൂമി തിരിച്ചെടുത്ത് വനമായി സംരക്ഷിക്കണമെന്ന നിർദ്ദേശവും ചർച്ചയിൽ ഉയർന്നു. ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ പിച്ചച്ചട്ടിയുമായി ഇറങ്ങി ഐതിഹാസികമായ സമരം നടത്തിയ മറിയക്കുട്ടിയമ്മയും ചർച്ചയിൽ പങ്കെടുത്തു. തനിക്ക് ഇപ്പോഴും പെൻഷൻ കുടിശ്ശികയുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു.
അഗതിമന്ദിരങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയാണ് മാത്യു മാനുവലിന് പറയാനുണ്ടായിരുന്നത്. ചെറുകിട തേയില കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് അപേക്ഷയായിരുന്നു സിബി മാത്യുവിന്. കൊളുന്ത് എടുപ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശവും ചർച്ചയിൽ ഉയർന്നു. 
തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരായ മേരി രാജൻ, ഷീല മാത്യുവും ആശാവർക്കർ ഷീബ കോശിയും തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങൾ വിവരിച്ചു. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കൽ, പ്രളയാനന്തര പുനരധിവാസം തുടങ്ങിയ വിഷയങ്ങളും സദസ്സിൽ ചർച്ചയായി. 7000 കുടുംബങ്ങൾ ജില്ലയിൽ ജപ്തി ഭീഷണി നേരിടുന്നതായി കെ.എ.ബിജു പറഞ്ഞു.
പരിപാടിയിൽ പഴകുളം മധു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, എസ്. അശോകൻ. റോയി കെ.പൗലോസ്, ദീപ്തി മേരി വർഗീസ്, ഐ.കെ.രാജു എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *