ന്യൂഡല്‍ഹി: നോയിഡ അതോറിറ്റി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച 746 കര്‍ഷകര്‍ക്കെതിരെ കേസ്. ജനുവരി 18ന് നോയിഡ അതോറിറ്റി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസ്. അതോറിറ്റിയിലെ ജൂനിയര്‍ എഞ്ചിനീയര്‍ അരുണ്‍ വര്‍മ്മ നല്‍കിയ പരാതിയില്‍ ജനുവരി 23നാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആറിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
ഐപിസി സെക്ഷൻ 506, 427, 153 എ, 34, 120 ബി, 7, 3, 4 തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ 18 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭാരതീയ കിസാൻ പരിഷത്ത് ദേശീയ അധ്യക്ഷൻ സുഖ്‌വീർ ഖലീഫ ഉൾപ്പെടെ 46 പേരുടെ പേരുകള്‍ എഫ്‌ഐആറിലുണ്ട്. പേരറിയാത്ത മറ്റ് 700 കര്‍ഷകര്‍ക്കെതിരെയും കേസുണ്ട്. 
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പ്രദേശത്ത് അതിക്രമിച്ച് കയറി അതോറിറ്റി ഓഫീസ് പൂട്ടിയിടാന്‍ ശ്രമിച്ചെന്നാണ് പ്രതിഷേധക്കാര്‍ക്കെതിരായ പരാതി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ പ്രവേശനക്കാവടത്തില്‍ ഉണ്ടായിരുന്ന ദേശീയ പതാകയെ അവഹേളിച്ചതായും ആരോപണമുണ്ട്.

#BREAKING: Borders Fortified, FIR Registered Against 700 Farmers Tune in here to watch all the latest updates: https://t.co/NquXiPvbya #FarmersProtest2024 #FarmerProtestInDelhi #DelhiChaloMarch pic.twitter.com/qo50cldjQf
— Republic (@republic) February 21, 2024

പൊലീസുമായും പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ദ്വിവേദി, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രഭാത് സിങ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും അക്രമണം വ്യാപിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ പരിഭ്രാന്തിയിലാണ് കഴിഞ്ഞത്. സര്‍ക്കാര്‍ ഓഫീസുകളെ പ്രവര്‍ത്തനങ്ങളെയടക്കം സംഘര്‍ഷം ബാധിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങളെ തള്ളി പ്രതിഷേധക്കാരും രംഗത്തെത്തി. കേസ് രഹസ്യമായാണ് രജിസ്റ്റര്‍ ചെയ്തതെന്നും, കോടതിയില്‍ നിന്നാണ് കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *