കാഞ്ഞിരപ്പള്ളി: ജനങ്ങള്‍ ജനപ്രതിനിധികളോട് നീതി കാണിക്കാന്‍ തയാറാകണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പ്രസ്താവിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ നിയമ നിര്‍മ്മാണ സഭകളിലേയ്ക്ക് ജനം തെരെഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ക്ക് കാലഹരണപ്പെട്ട് പ്രാകൃത രൂപം പ്രാപിച്ച നിയമങ്ങളെക്കുറിച്ച് പോലും പഠിക്കാനോ അവ തിരുത്താനോ സമയം ലഭിക്കാതെ പോകുന്നതില്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.
ജനപ്രതിനിധികളുടെ വിലപ്പെട്ട സമയം ജനങ്ങള്‍ അവരുടെ സ്വകാര്യമായ ചടങ്ങുകള്‍ക്കുവേണ്ടി ചിലവഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമ നിര്‍മ്മാണ പ്രക്രിയയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം ജില്ലാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹം, മരണം, ജന്‍മദിനാഘോഷങ്ങള്‍, ജൂബിലി, ഗൃഹപ്രവേശനം പോലുള്ള സ്വകാര്യ ചടങ്ങുകളിലേയ്ക്ക് ജനപ്രതിനിധികളെ ക്ഷണിക്കുകയും വന്നില്ലെങ്കില്‍ പിണങ്ങുകയും ചെയ്യുന്ന ജനങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന വിധമുള്ള കൃത്യനിര്‍വാഹനത്തിനായുള്ള അവരുടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നത്.
ജനപ്രതിനിധികളുടെ ഉത്തരവാദിത്വം ഗൗരവമേറിയതാണ്. അവര്‍ക്ക് കാര്യങ്ങള്‍ പഠിക്കാനും അവതരിപ്പിക്കാനും സമയവും യാത്രകളും ആവശ്യമാണ്. എങ്കില്‍ മാത്രമേ രാജ്യത്ത് നിയമ നിര്‍മ്മാണ പ്രക്രിയ സുഗമമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുമായി ഒരാളെ മാത്രമാണ് ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് നിയമനിര്‍മ്മാണ സഭയിലേയ്ക്ക് വിടുന്നുള്ളു. ബാക്കിയുള്ള എല്ലാ നേതാക്കന്മാരും ഇവിടെയുണ്ട്. ഇവിടെയുള്ള നേതാക്കന്മാരെ ഇത്തരം സ്വകാര്യ ചടങ്ങുകളില്‍ സംബന്ധിപ്പിച്ച് ജനപ്രതിനിധികളോട് സഹകരിക്കുകയാണ് ജനം ചെയ്യേണ്ടത്.
ജനപ്രതിനിധികള്‍ നിയമ ഭേദഗതികള്‍ക്ക് ശ്രമിക്കാതെ ഇപ്പോള്‍ ചെയ്യുന്നത്, ഇതിന് ഭരണഘടനയുടെ പരിരക്ഷയുണ്ട്, പ്രസിഡന്‍റിന്‍റെ പരിഗണനയിലിരിക്കുന്നതാണ്, 1964 -ലെ നിയമമാണ് പ്രശ്നം, 70 -കളിലെ നിയമങ്ങളാണ് പ്രശ്നം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയെന്നതാണ്. വനം -പരിസ്ഥിതി നിയമങ്ങള്‍ ഇപ്പോള്‍ കാലഹരണപ്പെട്ട് പ്രാകൃത രൂപം പ്രാപിച്ചിരിക്കുകയാണ്.
അതുകൊണ്ട് കാലോചിതമായി ഭൂനിയമങ്ങളും വനം നിയമങ്ങളും പരിഷ്കരിക്കുക എന്നത് ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം അവര്‍ക്ക് നിര്‍വഹിക്കുവാനുള്ള സമയം കിട്ടാത്തത് ജനങ്ങള്‍ ഇവരെ വിവാഹത്തിനും കല്യാണത്തിനും, ജന്മദിന ചടങ്ങുകളും ഉള്‍പ്പെടെയുള്ള പരിപാടികളിലേയ്ക്ക് വിളിച്ച്, പോകാതിരുന്നാല്‍ അവര്‍ വോട്ട് ചെയ്യാതിരിക്കുമെന്ന് ജനപ്രതിനിധികള്‍ ഭയപ്പെടുന്നു.
ഭൂ നിയമങ്ങള്‍ക്കും വന നിയമങള്‍ക്കും 64 കഴിഞ്ഞിട്ടും 74 കഴിഞ്ഞിട്ടും ഒരു പരിഷ്കാരവും ഉണ്ടാകുന്നില്ല. ജനങ്ങളുടെ ഇന്നത്തെ ജിവിത സാഹചര്യവും ലോകത്തിന്‍റെ ഇന്നത്തെ സാധ്യതകളും വെച്ചുകൊണ്ട് നിയമ പരിഷ്കാരങ്ങള്‍ വന്നാല്‍ മാത്രമേ കര്‍ഷകര്‍ക്ക് രക്ഷപെടാന്‍ പറ്റുകയുള്ളു. അത്കൊണ്ട് അത് ചെയ്യാന്‍ അവരെ നമ്മള്‍ അനുവദിക്കണം. 5 കൊല്ലത്തേയ്ക്ക് നിയമനിര്‍മ്മാണത്തിന് അവരെ ഫ്രീയായി വിട്ടുകൊടുക്കണം – ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു .