ഒരു യുദ്ധരംഗത്തിന്‍റെ പ്രതീതി തന്നെയാണ് ഡല്‍ഹി അതിര്‍ത്തിയില്‍. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നിശ്ചയ ദാര്‍ഢ്യത്തോടെ സമരരംഗത്താണ്. പോലീസിന്‍റെ രൂക്ഷമായ നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചു സമരം തുടരുകയാണ് കര്‍ഷകര്‍.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇതു നിലനില്‍പ്പിന്‍റെ പ്രശ്നം തന്നെയാണ്. മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്‌പി) എന്ന അടിസ്ഥാന താങ്ങുവില പ്രഖ്യാപിച്ചിട്ട് അതിനു നിയമസാധുത നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമരം 2020 – 21 കാലത്തു നടന്ന കര്‍ഷക സമരം പോലെ തന്നെ രൂക്ഷവും ശക്തവുമാണ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്‍ബലമില്ലാതെ. അതും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍.
2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ത്തന്നെ ബിജെപി പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കു വേണ്ടി താങ്ങുവില പ്രഖ്യാപിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ആദ്യത്തെ കര്‍ഷക സമരം ഒത്തുതീര്‍ക്കാന്‍ മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതുമാണ്. ഇക്കാര്യം പ്രധാനമന്ത്രി പല തവണ പറയുകയും ചെയ്തു. 
23 വിളകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ അടിസ്ഥാന താങ്ങുവില പ്രഖ്യാപിച്ചത്. അത് സര്‍ക്കാര്‍ നേരിട്ടു വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. പക്ഷെ സ്വകാര്യ ഏജന്‍സികള്‍ ഈ ഉല്പന്നങ്ങള്‍ കര്‍ഷകരുടെ പക്കല്‍ നിന്നു വാങ്ങുമ്പോള്‍ ഈ വില നല്‍കാറില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്കോ വ്യക്തികള്‍ക്കോ ബാധ്യതയില്ലെന്നര്‍ത്ഥം. സര്‍ക്കാരിന്‍റെ ഈ പ്രഖ്യാപനത്തിന് നിയമപരമായ സാധുതയില്ലെന്നതുതന്നെ കാരണം.
ഇനിയത്തെ വിഷയം ഇങ്ങനെ ഓരോ വിളയ്ക്കും എംഎസ്‌പി നിശ്ചയിക്കുന്നതെങ്ങനെ എന്നത്. പ്രഗത്ഭ കൃഷി ശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എസ് സ്വാമിനാഥനാണ് ഇതിന് ഒരു തത്വം ഉണ്ടാക്കിയത്. ഓരോ വിളയുടെയും കൃഷിച്ചെലവു കണക്കാക്കി അതിന്‍റെ പകുതി തുകകൂടി കൂട്ടുന്നതാണ് എംഎസ്‌പി എന്ന അടിസ്ഥാന താങ്ങുവില. 2014 ല്‍ത്തന്നെ ഇതു ബിജെപി അംഗീകരിച്ചതുമാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
വിപണിയിലെത്തുന്ന 23 വിളകളില്‍ ഏതും ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ള വില കൊടുത്ത് ആര്‍ക്കും വാങ്ങാം. സര്‍ക്കാര്‍ ഏജന്‍സികള്‍ ധാന്യങ്ങള്‍ സംഭരിക്കുന്നത് ഈ വില അനുസരിച്ചാണ്. കര്‍ഷകര്‍ക്ക് ആ തുക കൃത്യമായി കിട്ടുകയും ചെയ്യും. പക്ഷെ സ്വകാര്യ ഏജന്‍സികള്‍ക്ക് ഈ വില  ബാധകമല്ല. അവര്‍ വിലപേശല്‍ നടത്തി കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങള്‍ വാങ്ങും. എംഎസ്‌പിക്ക് നിയമപരമായ സാധുതയില്ലാത്തതാണു കാരണം.
കര്‍ഷക നേതാക്കള്‍ കണക്കു നിരത്തുന്നുമുണ്ട്. 2023 – 24 കാലത്ത് 23 ധാന്യ വിളകള്‍ക്കായി 15 ലക്ഷം കോടി രൂപ വിലവരും. ഇതിന്‍റെ മൂന്നില്‍ ഒന്നു ഭാഗവും പലവിധത്തില്‍ നഷ്ടമാകും. സ്വന്തം ഉപയോഗത്തിന് കര്‍ഷകര്‍ ധാന്യമെടുക്കുന്നതും എലിശല്യം കൊണ്ടു നഷ്ടമാകുന്നതും വിളവെടുപ്പിലും മറ്റും നഷ്ടമാകുന്നതുമെല്ലാം കൂടിയാണിത്. ഈ നഷ്ടം ഏതാണ്ട് അഞ്ചു ലക്ഷം കോടി രൂപ വരും.
സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങുന്നത് ഏകദേശം 4 – 5 ലക്ഷം കോടി രൂപയുടെ ധാന്യങ്ങളാണ്. കരിമ്പ് ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ ഇതിലുണ്ട്. 5 – 6 ലക്ഷം കോടി രൂപയുടെ ഉല്പന്നങ്ങള്‍ സ്വകാര്യ ഏജന്‍സികളാണു വാങ്ങുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലയുടെ പകുതിയോ അതിലും താണതോ ആയ വിലയ്ക്കാണ് സ്വകാര്യ കേന്ദ്രങ്ങള്‍ ധാന്യങ്ങളും മറ്റും സംഭരിക്കുന്നത്.
എംഎസ്‌പിക്ക് നിയമസാധുത ഉണ്ടായിരുന്നുവെങ്കില്‍ ഒന്നര ലക്ഷം കോടിയിലധികം രൂപ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അധികം കിട്ടുമായിരുന്നു.
കര്‍ഷകര്‍ നിരത്തുന്നത് വളരെ വ്യക്തമായി സംസാരിക്കുന്ന കണക്കുകളാണ്. ഈ സ്വകാര്യ ഏജന്‍സികളുടെ നേരെ വിരല്‍ ചൂണ്ടിയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.
ആരാണ് ഈ സ്വകാര്യ ഏജന്‍സികള്‍ ? പാടത്തു പണിയെടുത്ത് നാട്ടില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ഷകരെക്കാള്‍ സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ചില ദേശീയ കുത്തകകള്‍ ആണോ ? 
കര്‍ഷക സമരത്തിന്‍റെ മര്‍മ്മം ഇതുതന്നെയാണ്. താങ്ങുവിലയ്ക്കു നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നതിനു കാരണവും ഈ മര്‍മ്മം തന്നെ.

By admin

Leave a Reply

Your email address will not be published. Required fields are marked *