സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘കങ്കുവ’ക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനും ​ഗംഭീര വരവേൽപ്പും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിനായി സൂര്യ ഡബ്ബിങ് ആരംഭിച്ചുവെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യ ഡബ്ബ് ചെയ്യുന്ന ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവാ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്.
38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ​ചിത്രത്തിൽ. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *