ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച പരാജയത്തിലേക്കെന്ന് സൂചന. മൊറാദാബാദ് ഡിവിഷനിലെ നിർണായകമായ മൂന്ന് സീറ്റുകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് തിങ്കളാഴ്ച രാത്രി വൈകി നടന്ന ചർച്ച പരാജയപ്പെടാന്‍ കാരണം.
കോൺഗ്രസുമായുള്ള സീറ്റ് വിഭജന ധാരണയിലെത്തുന്നത് വരെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പാർട്ടി പങ്കെടുക്കില്ലെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. തർക്കമുള്ളവ ഒഴികെ 17 ലോക്‌സഭാ സീറ്റുകൾ തിങ്കളാഴ്ച സമാജ്‌വാദി പാര്‍ട്ടി കോൺഗ്രസിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അമേഠി, റായ്ബറേലി, വാരണാസി, പ്രയാഗ്‌രാജ്, ഡിയോറിയ, ബൻസ്ഗാവ്, മഹാരാജ്ഗഞ്ച്, ബരാബങ്കി, കാൺപൂർ, ഝാൻസി, മഥുര, ഫത്തേപൂർ സിക്രി, ഗാസിയാബാദ്, ബുലന്ദ്ഷഹർ, ഹത്രാസ്, സഹരൻപൂർ തുടങ്ങിയ മണ്ഡലങ്ങളില്‍ സീറ്റ് വിഭജനം ധാരണയിലെത്തിയിരുന്നു. എന്നാല്‍ ബല്ലിയ, മൊറാദാബാദ്, ബിജ്‌നോർ എന്നിവിടങ്ങളില്‍ സമവായം സാധ്യമായില്ല.