ഡല്‍ഹി: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് നടത്തുന്ന ജൻ വിശ്വാസ് യാത്ര ഇന്ന് മുതൽ ആരംഭിക്കും. ജനതാദൾ (യുണൈറ്റഡ്) മേധാവിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആർജെഡിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നതിന് ആഴ്ചകൾക്ക് ശേഷമാണ് യാത്ര ആരംഭിക്കുന്നത്.
മുസാഫർപൂരിൽ നിന്ന് ആരംഭിക്കുന്ന ജൻ വിശ്വാസ് യാത്രയിൽ 33 ജില്ലകൾ സന്ദർശിക്കും. ബിഹാറിലെ 17 വർഷത്തെ എൻഡിഎ ഭരണത്തിനെതിരെ 17 മാസത്തെ മഹാഗത്ബന്ധൻ സർക്കാരിൻ്റെ നേട്ടങ്ങൾ എടുത്തകാണിച്ചാണ് ആർജെഡി നേതാവ് യാത്ര ആരംഭിക്കുന്നത്.
യാത്രയ്ക്ക് മുന്നോടിയായി തേജസ്വി യാദവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിക്കുകയും സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത കൊണ്ടുവരുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരത ജനാധിപത്യത്തിന് നാണക്കേടാണെന്നും തേജസ്വി കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നിയമസഭ പിരിച്ചുവിടാൻ നിതീഷ് കുമാർ പദ്ധതിയിട്ടിട്ടുണ്ടെന്നും ആർജെഡി നേതാവ് കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനാണ് നിതീഷിൻ്റെ ആഗ്രഹമെന്നും തേജസ്വി ആരോപിച്ചു. ബിജെപി മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങളെ വർഗീയ വിഷാദം കൊണ്ട് അലങ്കോലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.