തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഫൊറന്‍സിക് പരിശോധന ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്.
ഇന്നലെ പുലര്‍ച്ചെ കാണാതായ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ 19 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ആള്‍ സെയിന്റ്സ് കോളേജിന് സമീപം കാണാതായ കുഞ്ഞിനെ 300 മീറ്റര്‍ അകലെ റേറ്റില്‍വെ പാളത്തിനടുത്ത് ഒരു ഓടയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയ ഓടയ്ക്ക് സമീപമുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് ശേഖരിക്കും. 
കുട്ടിയെ തട്ടിക്കൊണ്ടുപോയതാര്? ഉപേക്ഷിക്കാന്‍ കാരണമെന്ത്? എന്നീ ചോദ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്. കുഞ്ഞ് തനിയെ നടന്നുപോകാന്‍ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.
കുട്ടിക്ക് മാനസികാഘാതം ഏറ്റിട്ടുണ്ടോ എന്നതുള്‍പ്പടെ പരിശോധിക്കുന്നുണ്ട്. രാവിലെ ഉന്മേഷവതിയായിരുന്ന കുട്ടി മാതാപിതാക്കളോടുള്‍പ്പടെ സംസാരിച്ചു. കുട്ടിക്ക് സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ സഹോദരങ്ങളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *