മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് മുസ്ലീം ലീഗ് പിന്മാറുന്നു. കണ്ണൂർ സീറ്റ് ലക്ഷ്യം വെച്ച് നടത്തിയ നീക്കം ഉപേക്ഷിക്കുന്ന ലീഗ്, പിന്മാറ്റത്തിന് ഉപാധിയും വെച്ചു. ജൂണിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് പാർട്ടിക്ക് ലഭിക്കണമെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്ന ഉപാധി. സമരാഗ്നി യാത്രയ്ക്ക് ഇടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ ചർച്ചയിലാണ് മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് ലീഗ് പിന്മാറിയത്. ഫോൺ വഴി നടന്ന ചർച്ചയിൽ ലീഗ് ഉന്നയിച്ച ആവശ്യങ്ങളെ പ്രതിപക്ഷ നേതാവ് അനുഭാവപൂർവം കേട്ടു. കോൺഗ്രസിൻെറ സമീപനത്തിൽ ലീഗ് തൃപ്തരാണ്.
രാജ്യസഭാ സീറ്റ് എന്ന ഉപാധിയോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും ലീഗിൻെറ പിന്മാറ്റം കോൺഗ്രസിന് വലിയ ആശ്വാസമാണ്. ലീഗുമായി ധാരണയിൽ എത്താത്തത് മൂലം അനന്തമായി നീട്ടിവെച്ചിരിക്കുന്ന യു.ഡി.എഫ് യോഗം ഇനി വിളിച്ചുചേർക്കാം എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വേഗത്തിൽ തീർക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സീറ്റ് വിഭജനം ലീഗിൻെറ കടുത്ത നിലപാടിനെ തുടർന്ന് വഴിമുട്ടുകയായിരുന്നു.
മൂന്നാം സീറ്റിൻെറ കുരുക്കഴിഞ്ഞതോടെ സീറ്റ് വിഭജനത്തിൽ പ്രഖ്യാപനം നടത്താൻ മറ്റ് തടസങ്ങളില്ല. അധിക സീറ്റ് ആവശ്യത്തിൽ നിന്ന് പിന്മാറിയെങ്കിലും പാർട്ടിക്ക് അകത്തെ പ്രശ്നങ്ങൾ മൂലം ഇക്കാര്യം പരസ്യമായി പറയാൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ല.
മൂന്നാം സീറ്റ് ആവശ്യത്തിൽ ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്നും രാജ്യസഭാ സീറ്റിൻ്റെ കാര്യത്തിൽ ഇപ്പോൾ ചർച്ചയില്ലെന്നുമാണ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മൂന്നാം സീറ്റ് വിഷയത്തിൽ വിട്ട് വീഴ്ച്ച ചെയ്ത് രാജ്യസഭാ സീറ്റ് ലക്ഷ്യമാക്കി മുസ്‌ലീം ലീഗ് നീക്കങ്ങൾ നടത്തുന്നുവെന്ന സൂചനകൾക്ക് പിന്നാലെയാണ് വാർത്തകൾ തള്ളിക്കൊണ്ട് പി.കെ. കുഞ്ഞാലികുട്ടി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലീഗ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു എന്ന പ്രചരണം വെറും കിംവദന്തി മാത്രമാണെന്നും ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് ഇപ്പോൾ മുന്നണിയിൽ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പാർട്ടിയിലെ തീവ്ര നിലപാടുകാരെ ഭയന്നാണ് മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ ലീഗ് നേതൃത്വം നിർബന്ധിതമായത്. ലീഗിനെ ലക്ഷ്യം വെച്ച് സി.പി.എം നടത്തുന്ന നീക്കങ്ങളിൽ സ്വാധീനിക്കപ്പെടുന്ന വിഭാഗവും മൂന്നാം സീറ്റ് വേണമെന്ന പക്ഷക്കാരാണ്. പുതിയൊരു ലോക്സഭാ സീറ്റ് കൂടി ലഭിച്ചാൽ അത് തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ യൂത്ത് ലീഗ് നേതൃത്വവും മൂന്നാം സീറ്റ് ആവശ്യത്തിന് മുന്നിലുണ്ട്. ഇങ്ങനെ സമ്മർദ്ദ ഗ്രൂപ്പുകൾ തീർത്ത വലയത്തിലാണ് ലീഗ് നേതൃത്വം. അതുകൊണ്ടുതന്നെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്നുളള പിന്മാറ്റം ലീഗിനകത്ത് കടുത്ത അതൃപ്തിക്ക് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്.
മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ച് മുന്നോട്ട് പോയാൽ യു.ഡി.എഫിലും കോൺഗ്രസിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യമുണ്ട്. മുന്നണിയിൽ മാത്രമല്ല സമൂഹത്തിലും അതിൻെറ അലയൊലികൾ ഉണ്ടാകുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞു.
ബി.ജെ.പിയും സംഘപരിവാറും പയറ്റുന്ന ജനങ്ങളെ മത ജാതി വിഭാഗങ്ങളായി വിഭജിക്കുന്ന രാഷ്ട്രീയത്തിന് അത് എരിവ് പകരും. 2011- 16 ഉമ്മൻ ചാണ്ടി സർക്കാരിൽ അഞ്ചാം മന്ത്രി സ്ഥാനം പിടിച്ചുവാങ്ങിയത് സമൂഹത്തിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ച അനുഭവവും നേതൃത്വത്തിന് മുന്നിലുണ്ട്.ഇതെല്ലാം കണക്കിലെടുത്താണ് മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്.
മൂന്നാം സീറ്റ് എന്ന ആവശ്യം കടുപ്പിച്ചാൽ നൽകാൻ അധികം സീറ്റില്ല എന്നതും ലീഗ് നേതൃത്വം കണക്കിലെടുത്തു. കെ. സുധാകരൻ കണ്ണൂർ സീറ്റ് ഒഴിയുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് മൂന്നാം സീറ്റ് എന്ന ആവശ്യം മുന്നോട്ടുവെച്ചത്. എന്നാൽ അമേരിക്കയിൽ നിന്ന് മടങ്ങിവന്നശേഷം പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ ഒരുക്കമാണെന്ന് സുധാകരൻ നിലപാട് മാറ്റി. മൂന്നാമൊതൊരു സീറ്റ് കൂടി നൽകണമെങ്കിൽ കോൺഗ്രസ് മറ്റേതെങ്കിലും സീറ്റ് ബലികഴിക്കാൻ തയാറാകണം. അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിൽ കൂടിയാണ് ലീഗിൻെറ താൽക്കാലിക പിന്മാറ്റം.