ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബിജെപി വിജയിച്ച തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അത് എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച കുൽദീപ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നിർണായക വിധി
12നെതിരെ 16 വോട്ടുകൾക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ജയം. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി അനിൽ മസീഹ് പ്രഖ്യാപിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി എട്ട് വോട്ടുകളും സാധുവാണെന്ന് വ്യക്തമാക്കി.