പാറത്തോട്: അപായകരമാം വിധത്തില്‍ കാട്ടുമൃഗശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇന്‍ഫാം ലീഗല്‍ സെല്ലിന്റെ നേതൃത്വത്തില്‍ നിയമപോരാട്ടമാരംഭിച്ചുവെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല നേതൃശില്പശാലയില്‍ അധ്യക്ഷതവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, വനംമന്ത്രി, ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവര്‍ക്ക് ജനവാസ മേഖലകളിലെ വന്യമൃഗ ശല്യങ്ങളും വന്യമൃഗ അക്രമണങ്ങളും പരിഹാരനടപടികളും സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതില്‍ അനുകൂല മറുപടി ലഭിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്.
നിഷ്‌കളങ്കരുടെ രക്തം ചിന്തപ്പെട്ടിട്ടും നിരാലംബരുടെ നിലവിളി ഉയര്‍ന്നിട്ടും ഉറക്കം നടിക്കുന്ന സമീപനം പുലര്‍ത്തുന്ന സര്‍ക്കാരിനെയും വനംവകുപ്പിനെയും ഉണര്‍ത്താന്‍ പ്രതിഷേധ സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും കഴിയില്ല. ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനും സര്‍ക്കാരിന്റെ നിസംഗതയ്ക്കുമെതിരേയാണ് സംഘടന കോടതിയെ സമീപിക്കുന്നത്.
നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്ന ജനപ്രതിനിധികള്‍ അവരുടെ കൃത്യ നിര്‍വഹണം കാര്യക്ഷമമായി ചെയ്യാന്‍ തയാറാകണം. ജനപ്രതിനിധികള്‍ അവരുടെ വിലപ്പെട്ട സമയം അവരുടെ നിയോജകണ്ഡലങ്ങളിലെ ചെറിയ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവയ്ക്കരുതെന്നും നിയമനിര്‍മാണത്തിന്റെ ശ്രീകോവിലായ നിയമസഭയിലും പാര്‍ലമെന്റിലും എത്തി ജനദ്രോഹപരമായ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ജനോപകാരമായ പുതിയ നിയമങ്ങള്‍ രൂപീകരിക്കുകയും ചെയ്യണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.