ഓൺലൈൻ ഷോപ്പിങ് കൂടുതലും ചെയ്യുന്നത് സ്ത്രീകളാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. ഓൺലെെൻ ഷോപ്പിങ്ങിൽ സ്ത്രീകളേക്കാൾ പണം ചെലവഴിക്കുന്നത് പുരുഷന്മാരാണെന്നാണ് പുതിയ പഠനം പറയുന്നത്. ഐഐഎം അഹമ്മദാബാദ് ആണ് പഠനം നടത്തിയത്. ഓൺലൈൻ ഷോപ്പിംഗിൽ സ്ത്രീകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് പുരുഷന്മാരാണെന്നാണ് പഠനത്തിൽ പറയുന്നത്.
രാജ്യത്തെ 25 സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ 35,000 പേർ പങ്കെടുത്തു. പുരുഷന്മാർ ഓൺലൈനിൽ ഷോപ്പിംഗിനായി ശരാശരി 2,484 രൂപ ചെലവഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ഇത് സ്ത്രീകൾ ചെലവഴിക്കുന്ന 1,830 രൂപയേക്കാൾ 36% കൂടുതലാണ്. ‘Digital Retail Channels and Consumers: The Indian Perspective’ എന്ന പേരിലുള്ള സർവേ റിപ്പോർട്ട് ഞായറാഴ്ചയാണ് പുറത്തു വിട്ടത്. 47% പുരുഷന്മാരും 58% സ്ത്രീകളും ഫാഷൻ വസ്ത്രങ്ങൾ വാങ്ങുമ്പോൾ 23% പുരുഷന്മാരും 16% സ്ത്രീകളും ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈനിൽ ഷോപ്പ് ചെയ്തതായി പഠനത്തിൽ പറയുന്നു. 
ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച്, ജയ്പൂർ, ലഖ്‌നൗ, നാഗ്പൂർ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ഉള്ളവർ ഫാഷന് വേണ്ടി 63 ശതമാനം കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വേണ്ടി 21 ശതമാനം കൂടുതലും പണം ഓൺലൈൻ ഷോപ്പിങ്ങിലൂടെ ചെലവഴിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഫാഷൻ ഉത്പന്നങ്ങളും വസ്ത്രങ്ങളും വാങ്ങുമ്പോൾ 87 ശതമാനം പേരും പേർ ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർ ആണെന്നും സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020 കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ഓൺലൈൻ ഷോപ്പിംഗിലൂടെ സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുള്ളതായി ​ഗവേഷകരിലൊരാളായ പങ്കജ് സെറ്റിയ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *