തിരുവനന്തപുരം: എങ്ങോട്ടു വേണമെങ്കിലും മാറിമറിയാവുന്ന രാഷ്ട്രീയ സമവാക്യമുള്ള ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ നിലവിലെ സിറ്റിംഗ് എം.പി അടൂർ പ്രകാശിനെ തറപറ്റിച്ച് മണ്ഡലം തിരിച്ചുപിടിക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയുടെ പേരല്ലാതെ മറ്റൊന്നും സി.പി.എമ്മിന് നിർദ്ദേശിക്കാനില്ല.
തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആശാനായ അടൂർ പ്രകാശ് കോന്നിയിൽ നിന്നെത്തി പിടിച്ചെടുത്ത സീറ്റാണ് ആറ്റിങ്ങൽ. കോന്നിയിൽ നിന്നും അടൂരിൽ നിന്നുമൊക്കെ കോൺഗ്രസ് പ്രവർത്തകരെത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനായി പ്രചാരണം നടത്തിയതും. ഇത്തവണയും അടൂർ പ്രകാശ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. എതിരിടാൻ ജില്ലാ സെക്രട്ടറിയെ തന്നെ ഇറക്കാനാണ് സി.പി.എം തീരുമാനം.
ആറ്റിങ്ങലിൽ കരുത്തനെ ഇറക്കാൻ സി.പി.എമ്മിന് മറ്റൊരു കാരണവുമുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരനാണ് അവിടെ ബി.ജെ.പി സ്ഥാനാർത്ഥി എന്നതാണത്. ബി.ജെ.പിക്ക് ഏറെ വേരോട്ടമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിച്ചാൽ ഇക്കാര്യം മനസിലാവും.
വിജയിച്ച അടൂർ പ്രകാശിന് 380995 (37.91%) വോട്ടു കിട്ടിയപ്പോൾ രണ്ടാമതെത്തിയ സി.പി.എമ്മിലെ ഡോ.എ.സമ്പത്തിന് 342748 (34.11%) വോട്ടും മൂന്നാമതെത്തിയ ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രന് 248081 (24.69%) വോട്ടുമാണ് ലഭിച്ചത്. അതേസമയം, മണ്ഡലത്തിൽ നോട്ടയാണ് നാലാമതെത്തിയത്. വോട്ടുകൾ 5685. ആകെ പോൾ ചെയ്തതിന്റെ 57% വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. ഈ വോട്ടുകണക്കുകൾ വച്ചാണ് ഇത്തവണ സി.പി.എം കരുത്തനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനെ മലർത്തയടിക്കാൻ ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എയെ തന്നെ ഇറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത് എന്നിവരുടെ പേര് ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജോയിയുടെ പേരാണ് ഉയർന്നുവന്നത്.
വർക്കല നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിനെ മുട്ടുകുത്തിച്ച ജോയിക്ക് അടൂർ പ്രകാശിൽ നിന്ന് ആറ്റിങ്ങൽ തിരികെപ്പിടിക്കാമെന്ന ആത്മവിശ്വാസമാണ് സി.പി.എം നേതൃത്വത്തിനുള്ളത്.
മുമ്പ് മണ്ഡലത്തിൽ ഉൾപ്പെട്ട അഴൂർ പഞ്ചായത്തിലും ചീറയൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റായിരുന്ന ജോയി കിഴുവിലം ജില്ലാപഞ്ചയത്തിലും അംഗമായിരുന്നു. ഇതിനു പുറമേ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും സി.പി.എമ്മിനൊപ്പമാണ്. കഴിഞ്ഞ തവണ അടൂർ പ്രകാശ് വിജയിക്കുമ്പോഴും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം നാല് ശതമാനം മാത്രമായിരുന്നു.
മുൻ ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ സി.പി.എമ്മിലേക്കുള്ള കടന്നു വരവും നിലവിൽ പെരിങ്ങമലയിൽ ഉൾപ്പെടെ കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങളും മണ്ഡലത്തിന്റെ വിധിയെഴുത്തിൽ സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ഘടകങ്ങളാണ്.
അതേസമയം, മണ്ഡലത്തിൽ അടിത്തട്ടുവരെ ഇറങ്ങി വിജയം ആവർത്തിക്കാൻ ശക്തമായ പ്രചാരണ തന്ത്രങ്ങളുമായാണ് അടൂർ പ്രകാശിന്റെ നീക്കങ്ങൾ. മണ്ഡലം ഉഴുതുമറിച്ച് ജയിച്ചു കയറാൻ വി.മുരളീധരനും സദാസമയവും മണ്ഡലത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അടക്കം മണ്ഡലത്തിലെത്തിച്ച് അതിശക്തമായ പ്രചാരണത്തിനാണ് മുരളി ഒരുങ്ങുന്നത്.