ഡല്‍ഹി: അമേഠിയുമായി തനിക്കുള്ളത് ദീർഘകാലം നിലനിൽക്കുന്ന സ്നേഹബന്ധമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനത്തിനായി അമേഠിയിലെത്തിയ രാഹുലിനെ വളരെ ആവേശത്തോടെയാണ് ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും വരവേറ്റത്.
തന്നെ സ്നേഹത്തോടെ വരവേറ്റ അമേഠിയിലെ ജനതയോട് ഹൃദയത്തിൽ നിന്നുള്ള നന്ദി പ്രകാശിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“ഞാൻ അമേഠിയിൽ വന്നിട്ടുണ്ട്, നിങ്ങൾ എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. ഞങ്ങളുടെ ബന്ധം ദീർഘകാലം നിലനിൽക്കുന്നതാണ്, സ്നേഹത്തിന്റേതാണ്. എല്ലാവരോടും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു, ”രാഹുൽ പറഞ്ഞു
പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷത്തിനെതിരെ നിലകൊള്ളുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ യാത്രയിൽ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ ധാരാളം ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
അവർ ഞങ്ങളോട് തൊഴിലില്ലായ്മയെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചും ജിഎസ്ടിയെക്കുറിച്ച് പരാതിപ്പെട്ടു, ”ആദ്യ ഭാരത് ജോഡോ യാത്രയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ, രാഹുൽ ഗാന്ധിയെ കാണാൻ പ്രദേശവാസികൾ തിങ്കളാഴ്ച വീടുകൾക്കും കടകൾക്കും പുറത്ത് തടിച്ചുകൂടി. ജില്ലയിലെ റോഡുകൾ കോൺഗ്രസ് പതാകകളും, ന്യായ യോദ്ധ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പരസ്യബോർഡുകളും, രാഹുലിന്റെ ചിത്രമുള്ള കട്ടൗട്ടുകളും കൊണ്ട് നിറഞ്ഞിരുന്നു.