ന്യൂഡല്‍ഹി: അനസ്തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് ശബ്ദം പരുക്കനായിപ്പോയ രോഗിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. മണിപ്പാല്‍ ആശുപത്രിയിലാണ് ഓപ്പറേഷന്‍ നടത്തിയത്. അനസ്തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് ശബ്ദം മാറുകയായിരുന്നു. 18 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെത്തുടര്‍ന്ന് ജില്ലാ ഫോറം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഈ തുക ഇരട്ടിയായി വര്‍ധിപ്പിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
അഞ്ച് ലക്ഷം രൂപ ജില്ലാ ഫോറം നേരത്തെ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. എന്നാല്‍, അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ മുന്‍പറഞ്ഞ എല്ലാ വശങ്ങളും പരിഗണിക്കുന്നതില്‍ ജില്ലാ ഫോറം പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്തു. കേസിന്റെ മേല്‍പ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ മരിച്ചയാള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ട്രെയിനിയായ അനസ്തേഷ്യ വിദഗ്ധനെ നിര്‍ണായകച്ചുമതല ഏല്‍പ്പിച്ചതില്‍ ആശുപത്രി ഭരണകൂടം വലിയ വീഴ്ചയാണ് വരുത്തിയത്. ഇതുമൂലം ഇടത് വോക്കല്‍ കോഡിന് തകരാറുണ്ടായി. ശബ്ദമാറ്റം കാരണം ജോലിയില്‍ സ്ഥാനക്കയറ്റം നഷ്ടപ്പെട്ടെന്നും 2003 മുതല്‍ 2015 അവസാനത്തോടെ കാലാവധി കഴിയുന്നതുവരെ സ്ഥാനക്കയറ്റം കൂടാതെ അതേ തസ്തികയില്‍ തുടര്‍ന്നെന്നും പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.