ഡല്‍ഹി: സന്ദേശ്ഖാലി അക്രമക്കേസിൽ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പാർലമെൻ്ററി പാനൽ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി.
പശ്ചിമ ബംഗാളിലെ അക്രമ ബാധിത സന്ദേശ്ഖാലി സന്ദർശനത്തിനിടെ തനിക്കെതിരെ മോശം പെരുമാറ്റവും ക്രൂരതയും ജീവന് ഭീഷണിയുയർത്തുന്ന പരിക്കുകളും ആരോപിച്ച് ബിജെപി എംപി സുകാന്ത മജുംദാറിൻ്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മജുംദാറിൻ്റെ പ്രത്യേകാവകാശ ലംഘനത്തിൻ്റെ പരാതിയെ തുടർന്ന് ലോക്‌സഭയുടെ പ്രിവിലേജ് കമ്മിറ്റി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു.
ചീഫ് സെക്രട്ടറി ഭഗവതി പ്രസാദ് ഗോപാലിക, ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ് കുമാർ, നോർത്ത് 24 പർഗാനാസ് ജില്ലാ മജിസ്‌ട്രേറ്റ് ശരദ് കുമാർ ദ്വിവേദി, ബസിർഹട്ട് എസ്പി ഹൊസൈൻ മെഹ്ദി റഹ്മാൻ, അഡീഷണൽ എസ്പി പാർത്ഥ ഘോഷ് എന്നിവരോട് ഫെബ്രുവരി 19ന് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിട്ടിരുന്നത്.
ഉദ്യോഗസ്ഥർക്കുള്ള സമൻസ് ചോദ്യം ചെയ്ത് ബംഗാൾ സർക്കാരാണ് വിഷയത്തിൽ ഇന്ന് അടിയന്തര വാദം കേൾക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
സംഭവത്തിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് നൽകുകയും ചെയ്തു. നാലാഴ്ചയ്ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ടാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് സുപ്രീം കോടതി നോട്ടീസ് നൽകിയത്. അതിനുശേഷം വിഷയം വീണ്ടും പരിഗണിക്കും.