ലണ്ടന്‍: സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ ഒരുങ്ങി യുകെ. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് നടപടി. പുസ്തകങ്ങള്‍ വായിക്കേണ്ട സമയത്ത് വിദ്യാര്‍ത്ഥികള്‍ സമയം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയ സൈറ്റുകളിലാണ്.
ഇത് പഠനത്തെ മോശമായി ബാധിക്കുന്നു. ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പെരുമാറ്റം മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്നു സര്‍ക്കാര്‍ അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികളെ തടങ്കലില്‍ വയ്ക്കുകയോ ഫോണ്‍ കണ്ടുകെട്ടുകയോ ചെയ്യാം.
എല്ലാ സ്‌കൂളുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കണം. ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും നിരോധനം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വയ്ക്കാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ സമ്പൂര്‍ണ നിരോധനമാകാം. അല്ലെങ്കില്‍ സ്‌കൂളില്‍ എത്തുമ്പോള്‍ ജീവനക്കാരെ ഏല്‍പ്പിക്കണം. ഇതുമല്ലെങ്കില്‍ ഫോണുകള്‍ സുരക്ഷിതമായ സ്റ്റോറേജില്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കണം. ഒരിക്കലും ഉപയോഗിക്കില്ലെന്ന വ്യവസ്ഥയില്‍ ഫോണ്‍ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കാനുള്ള അവസരം നല്‍കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സ്‌കൂളുകള്‍ കുട്ടികള്‍ക്കു പഠിക്കാനുള്ള സ്ഥലമാണ്. മൊബൈല്‍ ഫോണുകള്‍ കാരണം ക്ലാസ് മുറിയില്‍ അനാവശ്യമായ അശ്രദ്ധയാണ് കുട്ടികള്‍ക്കുണ്ടാകുന്നത്. കഠിനാധ്വാനികളായ അധ്യാപകര്‍ അവര്‍ ഏറ്റവും നന്നായി ചെയ്യുന്നത് ചെയ്യാന്‍ അവരെ അനുവദിക്കുക, പഠിപ്പിക്കുകയെന്ന് വിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. രാജ്യത്തുടനീളം എല്ലാ ക്ലാസ് മുറികളിലും ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കുന്നതു കുട്ടികളെയും യുവാക്കളെയും കൂടുതല്‍ സമയം സജീവമാക്കാനും സമപ്രായക്കാരുമായി മുഖാമുഖം ഇടപഴകാനും സഹായിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ സഹായിക്കുമെന്നു വിശ്വസിക്കുന്നതായും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.