ചാലക്കുടി: കുത്തക വ്യവസായികൾക്ക് വേണ്ടി രാജ്യത്തെ കർഷക നിയമം മാറ്റി എഴുതുകയാണ് മോദി സർക്കാരെന്ന് യുഡിഎഫ് സംസ്ഥാന കൺവീനറും കോൺഗ്രസ് നേതാവുമായ എം.എം ഹസ്സൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ചാലക്കുടിയിൽ നൽകിയ സ്വീകരണ യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി വിഭാവനം ചെയ്തത് രാമരാജ്യം ആണെന്നാണ് ബിജെപിക്കാർ പറയുന്നത്. സൽഭരണം പുലരുന്ന ക്ഷേമ രാജ്യമായിരുന്നു ഗാന്ധിയുടെ സ്വപ്നം. സത്യ ബോധത്തിന്റെ നാമധേയമാണ് രാമൻ. ചരിത്രവും വിശ്വാസവും മാറ്റിപ്പറഞ്ഞ് സ്പർദ്ധ വളർത്താനാണ് മോദി ശ്രമിക്കുന്നത്. മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടന്ന കൂട്ടക്കൊലയ്ക്കും അക്രമത്തിനും മനസ്സുകൊണ്ട് പിന്തുണ നൽകിയ ആളാണ് മോദി. കലാപഭൂമിയിൽ രാഹുൽഗാന്ധി എത്തിയപ്പോഴാണ് സ്വന്തം രാജ്യത്ത് ജീവിക്കുവാനുള്ള ആത്മവിശ്വാസം അവർക്ക് ഉണ്ടായത്.
ഒട്ടനവധി രാജ്യസ്നേഹികൾ സ്വന്തം ജീവൻ കൊടുത്തു നേടിയെടുത്തതാണ് സ്വതന്ത്ര ഭാരതം. അവർ ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തിയതാണ് മതേതര ഭാരതം. അപ്പോഴൊക്കെ ഇവർ ബ്രിട്ടീഷുകാരുടെ ഒറ്റുകാരായാണ് പ്രവർത്തിച്ചത്. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും തകർത്ത് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താനുള്ള ശ്രമമാണ് മോദിയും ബിജെപിയും നടത്തുന്നത്. വർഗീയ ധ്രുവീകരണം ഈ മണ്ണിൽ കുഴിച്ചു മൂടപ്പെട്ടില്ലെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.
ഏത് അധമ ശക്തികളോടും സന്ധി ചെയ്യാൻ ബിജെപി തയ്യാറാണ്. ഇതിന്റെ ഭാഗമാണ് കേരളത്തിൽ പിണറായി വിജയനുമായുള്ള ധാരണ. മോദിയുടെ ഉറപ്പിലാണ് പിണറായി അഴിമതിയും ധൂർത്തും നടത്തുന്നത്. കേരളത്തിലെ ജനങ്ങളെ ദ്രോഹിച്ച ഇതുപോലുള്ള ഒരു സർക്കാർ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
ഇന്ധന സെസ് ഏർപ്പെടുത്തിയത് ക്ഷേമപെൻഷൻ കൊടുക്കാനാണെന്നാണ് പറഞ്ഞത്. അതുവഴി കോടികൾ ശേഖരിച്ചിട്ടും അഞ്ചുമാസമായി ക്ഷേമ പെൻഷൻ നൽകിയിട്ടില്ലെന്നും ഹസൻ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മോദി ഭയക്കുന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോലും തടസ്സപ്പെടുത്താനാണ് ഈ നീക്കം. എന്നാല്‍, ഈ യുദ്ധവും കോണ്‍ഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തര്‍ധാര ശക്തമെന്നും, അത് പൊളിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ലാവ്‌ലിന്‍ കേസും,സ്വര്‍ണക്കടത്തും, മകള്‍ വീണയുടെ മാസപ്പടിയും വിജയനെ തിരിഞ്ഞുകുത്തുന്ന കാലം വരും. ഇപ്പോള്‍ മോദിയുടെ സംരക്ഷണയിലാണ് വിജയന്‍. ബിജെപി.പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രത്യുപകാരമായി കുഴല്‍പ്പണ കടത്ത് കേസില്‍ വിജയന്‍ സംരക്ഷിക്കുകയും ചെയ്യുന്നു.
എം.പിമാരായ ടി.എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, രമ്യ ഹരിദാസ്, ജെബി മേത്തര്‍, റോജി എം.ജോണ്‍,. അൻവർ സാദത്ത്, നേതാക്കളായ എ.പി അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, എ.എ ഷുക്കൂര്‍, പത്മജ വേണുഗോപാല്‍, വി.ടി ബല്‍റാം, അബ്ദുള്‍ മുത്തലീഫ്, ഡോ. സരിന്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, പി.എ. മാധവന്‍, ടി.വി ചന്ദ്രമോഹന്‍, എം.പി ജാക്‌സണ്‍,ടി.യു. രാധാകൃഷ്ണൻ,പി.എം. നിയാസ്, പഴകുളം മധു, വി.പി സജീന്ദ്രൻ, എം.എം നസീർ, പി.എ സലിം, കെ.പി.ശ്രീകുമാർ, കെ.ജയന്ത്, ദീപ്തി മേരി വർഗീസ്, നെയ്യാറ്റിൻകര സനൽ, വിടി ബൽറാം എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed