തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തര്‍ക്കങ്ങളെത്തുടര്‍ന്നാണ് മാറ്റം. ബിജു പ്രഭാകര്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. സ്ഥാനവും ഒഴിഞ്ഞു. കെ. വാസുകിക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല.
ഇന്നാണ് ബിജു പ്രഭാകര്‍ ഐ.എ.എസ്. അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഗതാഗത സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. എം.ഡി. എന്നീ സ്ഥാനങ്ങളില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതിനു പിന്നാലെയായിരുന്നു അവധിയില്‍ പ്രവേശിച്ചത്.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു ഫെബ്രുവരി എട്ടിന് ബിജു പ്രഭാകര്‍ അവധിയില്‍ പോയത്. 17 വരെയായിരുന്നു അവധിയെടുത്തത്. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ വിഷയമുണ്ടെന്നാണു കാരണമായി പറഞ്ഞിരുന്നത്. വിദേശത്തായിരുന്ന അദ്ദേഹം ജനുവരി 28ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരു ദിവസം മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഓഫീസില്‍ എത്തിയിരുന്നത്.
തുടര്‍ന്നാണ് ഗതാഗത സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. എം.ഡി. സ്ഥാനങ്ങളില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. പിന്നാലെ അവധിയില്‍ പോകുകയുമായിരുന്നു.