തൊടുപുഴ: സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുവദിച്ച തടിയമ്പാട് മരിയാപുരം പാലം സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പി. സിആര്‍ഐഫ്, സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്‌ പദ്ധതിയിൽ ഉള്ള പാലങ്ങളുടെ നിർമാണമാണ് സേതു ബന്ധൻ പദ്ധതി’ കേരളത്തിന് അർഹതയുള്ളത് 50 കോടി രൂപയിൽ താഴെയായിരുന്നു. തടിയമ്പാട് – മരിയാപുരം പാലത്തിൻ്റെ ആവശ്യകത പരിഗണിച്ച്, ശക്തമായ സമ്മർദ്ദം ചെലുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് 167 കോടി രൂപയായി കേരളത്തിൻ്റെ ക്വോട്ടാ വർദ്ധിപ്പിക്കുന്നതും, തടിയമ്പാട് മരിയാപുരം ഉൾപ്പടെ കേരളത്തിൽ 7 പാലങ്ങൾക്ക് 2023 ഏപ്രിൽ മാസത്തിൽ അനുമതി ലഭിക്കുന്നതും. എന്നാൽ പദ്ധതി നിർവ്വഹണ ഏജൻസി എന്ന നിലയിൽ സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാണിച്ചിട്ടുള്ളതെന്ന് ഡീന്‍ ആരോപിച്ചു.
ഏപ്രിൽ മാസത്തിൽ അനുവദിച്ച പദ്ധതി പൊതുമരാമത്ത്, ധന വകുപ്പുകള്‍ കയറിയിറങ്ങി ഒരു വർഷം ആയി അനുമതിയില്ലാതെ തുടരുകയാണ്. കഴിഞ്ഞ നവംബർ 23 ന് ധനകാര്യ മന്ത്രിയുടെ ഓഫീസിൽ എത്തിയ ഫയൽ 3 മാസമായി അവിടെ തന്നെ വിശ്രമിക്കുകയാണ്. ആ സമയത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാലിൻ്റെ ഓഫീസ് പറഞ്ഞത് നവകേരള സദസ്സിനു ശേഷം ഫയൽ ക്ലിയർ ചെയ്യുമെന്നായിരുന്നു. പിന്നീട് മന്ത്രിയെ നേരിട്ട് വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല. 3 മാസമായി ഇന്നുവരെ അവിടെ നിന്നും പുറത്തേക്ക് വന്നിട്ടില്ലെന്നും ഡീന്‍ വിമര്‍ശിച്ചു.
ഇത് ഇടുക്കിയിലെ ജനങ്ങൾക്ക് മേലുളള അവകാശനിഷേധമാണ്. പ്രളയകാലഘട്ടത്തില്‍ തകർന്നു പോയ തടിയമ്പാട് ചപ്പാത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. ആ കാലഘട്ടത്തിൽ 5 കോടി മുടക്കി വീണ്ടും ചപ്പാത്ത് നിർമ്മിച്ചെങ്കിലും അടുത്ത മഴക്കാലത്ത് അതും തകർന്നു, വാഴത്തോപ്പ് പഞ്ചായത്തിലെ ജനപ്രതിനിധികൾ ഉൾപ്പടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യം എം.പി എന്ന നിലയിൽ ഏറ്റെടുത്താണ് ഈ പദ്ധതി യഥാർത്ഥ്യമാക്കുവാൻ പരിശ്രമിച്ചത്. 
ഇക്കാര്യത്തിൽ പദ്ധതി കേന്ദ്ര സർക്കാർ അനുവദിക്കപ്പെട്ടപ്പോൾ, അവകാശവാദവുമായി ഒട്ടനവധി ആളുകൾ ഉണ്ടായിരുന്നു. താൻ കൊണ്ടുവന്ന പദ്ധതിയായതിനാൽ അതു നടപ്പിലാവേണ്ടതില്ല എന്ന ചേതോവികാരം ജില്ലയിലെ ഇടത് പക്ഷ നേതാക്കൾക്കുണ്ടോയെന്ന് വ്യക്തമാക്കണം. ധനകാര്യ മന്ത്രി ഇനിയും ഫയൽ വൈകിപ്പിച്ച്പദ്ധതി നഷ്ടപ്പെടുത്തരുത്. ഇക്കാര്യ മുന്നയിച്ച് മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *