കോട്ടയം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കനേഡിയൻ കമ്പനി ഉണ്ടെന്ന് ആരോപണം ഉന്നയിച്ചെന്ന പേരിൽ പോലീസ് കേസെടുത്തു സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. താൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ വീണയുടെയോ പിതാവിന്റെയോ ഭർത്താവിന്റെയോ പേര് പരാമർശിച്ചിട്ടില്ല എന്നും പിന്നെ എങ്ങനെയാണ് അവർക്ക് അത് തന്നെക്കുറിച്ച് ആണെന്ന് തോന്നിയത് എന്നും ആണ് ഷോൺ ജോർജ് ചോദ്യമുന്നയിക്കുന്നത്.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് വീണയുടെ പരാതിക്കെതിരെ പ്രതികരിച്ചത്. താൻ നേരത്തെ പങ്കുവെച്ച് പോസ്റ്റിൽ പരാതികാരിയെയോ അവരുടെ അച്ഛനെയോ ഭർത്താവിനെയോ പരാമർശിച്ചിട്ടില്ല. എന്നിട്ടും അത് കണ്ടപ്പോൾ അത് അവരെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കിൽ നാട്ടിൻപുറത്ത് ഒരു ചൊല്ലുണ്ട്, ‘കോഴി കട്ടവന്റെ തലയിൽ പപ്പ്’ എന്നാണ് ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ഷോൺ ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തനിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി എന്നും അച്ഛനും ഭർത്താവും സിപിഎം നേതാക്കൾ ആയതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നുമായിരുന്നു വീണയുടെ പരാതി.