കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകനും ഒഐസിസി നാഷണല്‍ പ്രസിഡന്‍റുമായ വര്‍ഗീസ് പുതുക്കുളങ്ങരയ്ക്ക് പ്രഥമ വീക്ഷണം പ്രവാസി പുരസ്കാരം. വീക്ഷണം ദിനപത്രത്തിന്‍റെ 48 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് 19 -ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വര്‍ഗീസിന് പുരസ്കാരം സമ്മാനിക്കും.
കെസി വേണുഗോപാൽ എംപി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, എഐസിസി വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കർണാടക എനർജി മിനിസ്റ്റർ കെജെ ജോർജ്, യുഡിഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരും പങ്കെടുക്കും.
കുവൈറ്റില്‍ കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടനയായ ഒഐസിസി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് വര്‍ഗീസ് പുതുക്കുളങ്ങരയാണ്. കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയില്‍ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകരിലൊരാളാണ് വര്‍ഗീസ്. ദിനംപ്രതിയെന്നപോലെ കുവൈറ്റിലെ പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമയവും സമ്പത്തും ചിലവഴിക്കുന്ന വര്‍ഗീസ് പുതുക്കുളങ്ങര പ്രവാസി മലയാളികള്‍ക്കൊരു സഹായ ഹസ്തമാണ്.
കുവൈറ്റിലെ കോണ്‍ഗ്രസ് അനുഭാവികളെ കോര്‍ത്തിണക്കി ഒരു കുടക്കീഴിലാക്കി ഒഐസിസിക്കു പിന്നില്‍ അണിനിരത്തുന്ന വര്‍ഗീസ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു നല്‍കുന്ന സേവനങ്ങള്‍ വലുതാണ്. വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിന്‍റെ മുന്നണിപ്പോരാളിയായിരുന്ന വര്‍ഗീസ് പ്രവാസ ലോകത്തെത്തിയതിനു ശേഷവും കോണ്‍ഗ്രസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും എന്നപോലെ വ്യാപൃതനായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതിനാല്‍ തന്നെ കക്ഷി – രാഷ്ട്രീയ ഭേദമന്യേ കുവൈറ്റിലെ പ്രവാസി സമൂഹം ഒന്നടങ്കമാണ് വര്‍ഗീസിന്‍റെ പുരസ്കാര ലബ്ധിയെ അഭിനന്ദിച്ചു രംഗത്തുവരുന്നത്.