ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ആത്മവിശ്വാസം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോകാതെ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുതന്നെ മത്സരിക്കണമെന്ന് വെല്ലുവിളി ഉയർത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ പ്രവേശിച്ച സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന.

2019 രാഹുൽ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോൾ അമേഠി രാഹുലിനെയും ഉപേക്ഷിച്ചു കഴിഞ്ഞു. ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോഴും വിജനമായി കിടക്കുന്ന അമേഠിയിലെ ഓരോ റോഡുകളും രാഹുൽ ഗാന്ധിയോട് വിളിച്ചു പറയുന്നത് അതാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
80 ലോക്സഭാ സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ 2019 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാൻ ആയിരുന്നത്. അമേഠിയിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി വിജയിച്ചിരുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച ഒരേയൊരു സീറ്റായ റായ്ബറേലിയിൽ നിന്നും ഇത്തവണ മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭാ മത്സരത്തിൽ പങ്കെടുക്കാതെ രാജ്യസഭയിലേക്ക് ആയിരിക്കും സോണിയ ഗാന്ധി മത്സരിക്കുക. കഴിഞ്ഞതവണ ലഭിച്ച ഒരു സീറ്റ് പോലും ഈ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടും എന്ന് കരുതുന്നതിനാലാണ് സോണിയ ഗാന്ധി മത്സരത്തിൽ നിന്നും പിന്മാറിയത് എന്നാണ് സൂചന.

By admin

Leave a Reply

Your email address will not be published. Required fields are marked *