തിരുവനന്തപുരം : പാർലമെന്റ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി വളഞ്ഞ വഴികൾ സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിക്കുന്നതും അക്കൗണ്ട് ഫ്രീസിങ്ങുമൊക്കെ അതിന്റെ തെളിവാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ് മോദിസർക്കാർ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ജയ്‌ഹിന്ദ്‌ ചാനലിന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്താനാണ് ശ്രമം. സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഐസിസി യൂത്ത് കോൺഗ്രസ്‌ അക്കൌണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കോൺഗ്രസുകാരെ ബിജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ്.
രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബി ജെ പിയിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. കോൺഗ്രസ് വിട്ട നേതാക്കൾ ഉള്‍പ്പടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂർവ്വം മറന്നിരിക്കുന്നു. രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധഃപതിച്ചു.
രാജ്യത്താകമാനം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടി വളർത്താനുള്ള തരം താണ അവസ്ഥയിൽ ബിജെപി എത്തിയിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരണക്കാരുടെയും കർഷകരുടെയും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed