കുവൈത്ത്: കുവൈത്തിൽ നീണ്ട ഇടവേളക്ക് ശേഷം  വിദേശികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടുംബ, വാണിജ്യ ,സന്ദർശക വിസകൾ അനുവദിക്കാൻ തീരുമാനിച്ചത് രാജ്യത്തിന്റെ സാമ്പത്തിക ഉണർവ് ലക്ഷ്യമാക്കിയാണെന്ന് ഉപ പ്രധാനമന്ത്രിയും പ്രധിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഡോ. ഫഹദ് അൽ യൂസുഫ് സബാഹ് വ്യക്തമാക്കി.
രാജ്യത്ത് വിദേശികൾക്ക് വിവിധ തരം സന്ദർശക വിസകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ട് പാർലമെന്റ് അംഗം അബ്ദുൽ കരീം അൽ കിന്ദരി കഴിഞ്ഞ ദിവസം  ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
കുവൈത്തിൽ സന്ദർശക വിസകൾ ഉദാരമാക്കുന്നതിന് മുമ്പ് സൗദി ഉൾപ്പെടെ മറ്റു ഗൾഫ് നാടുകളും ഇടവേളയ്ക്ക്  ശേഷം ആ രാജ്യങ്ങളിലെ വിദേശികൾക്ക് സന്ദർശക വിസ നൽകുന്നത് പുനസ്ഥാപിച്ചിട്ടുണ്ട്. കുടുംബമായും അല്ലാതെയും  കൂടുതൽ വിദേശികൾ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക അഭിവ്യദ്ധിയാണ് ഇതിലൂടെ എല്ലാ രാജ്യങ്ങളും പ്രധാന ലക്ഷ്യമായി കാണുന്നതെന്നും മന്ത്രി പറഞ്ഞു .
അതോടൊപ്പം വിവിധ മേഖലകളിൽ വിദഗ്ദ്ധരായ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾ രാജ്യത്തിനുവേണ്ടി സേവനങ്ങൾ  ചെയ്യുന്നുണ്ട് . കുടുംബാംഗങ്ങൾ കൂട്ടിനില്ലാതെ മാസങ്ങളോളം കുവൈത്തിൽ തങ്ങാൻ വിധിക്കപ്പെടുന്ന അവരിൽ പലരും കുടുംബ , സന്ദർശക വിസകൾ അനുവദിക്കപ്പെട്ട മറ്റു നാടുകളിലേക്ക് കുടിയേറുന്ന പ്രവണതയുമുണ്ട് .
സന്ദർശക വിസ ഉദാരമാക്കിയതിലൂടെ വിദഗ്ദ്ധ തൊഴിലാളികളുടെ കൊഴുഞ്ഞുപോക്ക് തടയാനും അതുവഴി തൊഴിൽ വിപണി സജീവമാക്കി നിർത്താനും സാധിക്കും . അതെ സമയം , വിദേശികൾ കൂടുന്നതുകൊണ്ടുണ്ടാകുന്ന സാമൂഹിക, സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും പദ്ധതികളും നേരത്തെ ആവിഷ്കരിച്ചിട്ടുണ്ടെന്നും  മന്ത്രി ഉറപ്പ് നൽകി.
താമസ – കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്ന സന്ദർശക വിസക്കാർക്കും അവരുടെ സ്പോൺസർമാർക്കുമെതിരെ  നാടുകടത്തുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി ഫഹദ് അൽ യൂസുഫ് കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *