തിരുവനന്തപുരം: കസ്റ്റംസ്, സി.ബി.ഐ. ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ 2.25 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.
താമരശേരി കണ്ടല്‍കാട് തലയം ഒറങ്ങോട്ടുകുന്നുമ്മല്‍ രജിനാസ് റെമി, താമരശേരി കിടവൂര്‍ കട്ടിപ്പാറ വേണടി ഹൗസില്‍ ആഷിക് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസിലെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.
മുംബൈ വിമാനത്താവളത്തിലെത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ പേരിലുള്ള പാര്‍സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും ഇതോടൊപ്പം പാസ്‌പോര്‍ട്ടിന്റെയും ആധാറിന്റെയും കോപ്പിയുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുസംഘം തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഫോണില്‍ വിളിച്ചു. കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് പറഞ്ഞ് ഒരാള്‍ സി.ബി.ഐ. ഉദ്യോഗസ്ഥനായി സംസാരിച്ചും ഭീഷണിപ്പെടുത്തി.
2.25 കോടി രൂപ അക്കൗണ്ടിലേക്ക് വാങ്ങി. തുടര്‍ന്ന് ഈ പണം എഴുപതില്‍പരം അക്കൗണ്ടുകളിലേക്ക് മാറ്റി. പിന്നീട് ക്രിപ്‌റ്റോ കറന്‍സിയായി ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങി കൈമാറ്റം ചെയ്യുകയായിരുന്നു.
പാരതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസിന്റെ അന്വേഷണത്തില്‍ ആദ്യം പണം കൈമാറിയ ആറ് അക്കൗണ്ടുകളില്‍ രാജസ്ഥാനിലെ കുമാര്‍ അസോസിയേറ്റ് എന്ന കമ്പനിയുടെ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞു. പ്രതികളുടെ വിവരം ശേഖരിച്ച പ്രത്യേക അന്വേഷണസംഘം നാല് പ്രതികളെ രാജസ്ഥാനില്‍നിന്നും രണ്ടു പ്രതികളെ മുംബൈയില്‍നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍അന്വേഷണത്തിലാണ് പ്രതികളിലൊരാള്‍ കോഴിക്കോട് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.