ക്വാലാലംപൂര്‍ – ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ കിരീടം നേടി. ഒരിക്കല്‍കൂടി പതിനേഴുകാരി അന്‍മോള്‍ ഖാര്‍ബാണ് നിര്‍ണായക മത്സരം സ്വന്തമാക്കി ഇന്ത്യയുടെ ജയമുറപ്പിച്ചത്. തായ്‌ലന്റിനെ ഫൈനലില്‍ ഇന്ത്യ 3-2 ന് തോല്‍പിച്ചു. പുരുഷ ടീം നേടിയ രണ്ട് വെങ്കലമാണ് ഇതുവരെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നേട്ടം.
പി.വി സിന്ധു ആദ്യ സിംഗിള്‍സ് ജയിച്ചെങ്കിലും അഷ്മിത ചാലിഹക്ക് പരാജയം സംഭവിച്ചിരുന്നു. ഡബ്ള്‍സ് മത്സരങ്ങള്‍ ലോക 23ാം നമ്പറായ മലയാളി താരം ട്രീസ ജോളി-ഹൈദരാബാദുകാരി ഗായത്രി ഗോപിചന്ദ് സഖ്യം ജയിച്ചു. എന്നാല്‍ അടുത്ത ഡബ്ള്‍സ് തായ്‌ലന്റ് നേടി. അതോടെയാണ് റിട്ടേണ്‍ സിംഗിള്‍സ് നിര്‍ണായകമായത്.
ടോപ് സീഡുകളായ ചൈനക്കു പിന്നാലെ കരുത്തരായ ഹോങ്കോംഗിനെയും മുന്‍ ചാമ്പ്യന്മാരായ ജപ്പാനെയും തോല്‍പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. ആവേശകരമായ സെമിഫൈനലില്‍ 3-2 നാണ് രണ്ടു തവണ മുമ്പ് ചാമ്പ്യന്മാരായ ജപ്പാനെ ഇന്ത്യ മറികടന്നത്.
ആദ്യ ഡബ്ള്‍സില്‍ ലോക 23ാം നമ്പറായ മലയാളി താരം ട്രീസ ജോളി-ഹൈദരാബാദുകാരി ഗായത്രി ഗോപിചന്ദ് സഖ്യം, രണ്ടാം സിംഗിള്‍സില്‍ ലോക 53ാം നമ്പര്‍ അഷ്മിത ചാലിഹ, റിട്ടേണ്‍ സിംഗിള്‍സില്‍ പതിനേഴുകാരി അന്‍മോള്‍ ഖാര്‍ബ് എന്നിവര്‍ മിന്നുന്ന വിജയങ്ങളാണ് നേടിയത്.
ലോക നാലാം നമ്പര്‍ അകാനെ യാമാഗുചിയാണ് ഇല്ലാതെയാണ് ജപ്പാന്‍ ഇറങ്ങിയതെങ്കിലും ഏഴാം നമ്പര്‍ ഡബ്ള്‍സ് ജോഡി യൂകി ഫുകുഷിമ-സയാക ഹിരോത, ലോക എട്ടാം നമ്പര്‍ മായു മാറ്റ്‌സുമോടൊ-വകാന നഗാഹാര എന്നിവരടങ്ങുന്ന ടീം അതിശക്തമായിരുന്നു. ഇടങ്കൈ കൊണ്ട് കളിക്കുന്ന ആയ ഒഹോരിക്കെതിരെ ആദ്യ സിംഗിള്‍സില്‍ 13-21, 20-22 ന് പി.വി സിന്ധു തോല്‍ക്കുകയും ചെയ്തതോടെ ഇന്ത്യയുടെ വെല്ലുവിളി കൂടുതല്‍ ശക്തമായിരുന്നു.
എന്നാല്‍ ട്രീസ-ഗായത്രി സഖ്യം 21-17, 16-21, 22-20 ന് ലോക ആറാം നമ്പര്‍ നാമി മാറ്റ്‌സുമായ-ചിഹാരു ഷിദ സഖ്യത്തെ കീഴടക്കി സ്‌കോര്‍ തുല്യമാക്കി. മുന്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെ 21-17, 21-14 ന് അഷ്മിത അട്ടിമറിച്ചു. എന്നാല്‍ സിന്ധു-അശ്വിനി പൊന്നപ്പ സഖ്യത്തിന് ലോക 11ാം നമ്പര്‍ റേന മിയാരു-അയാകൊ സകുരമോതൊ സഖ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല (14-21, 11-21). പക്ഷെ നിര്‍ണായ മത്സരത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അന്‍മോള്‍ 21-14, 21-18 ന് ലോക 29ാം നമ്പര്‍ നറ്റ്‌സൂകി നിദായിരയെ തോല്‍പിച്ച് ഇന്ത്യയെ ഫൈനലിലേക്ക് കൈ പിടിച്ചുയര്‍ത്തി.
വനിതാ വിഭാഗത്തില്‍ ഇതുവരെ വെങ്കലം പോലും ഇന്ത്യ നേടിയിട്ടില്ല. 2016 ലും 2020 ലും പുരുഷന്മാര്‍ വെങ്കലം നേടിയതാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.
2024 February 18Kalikkalamtitle_en: Badminton Asia Team Championships iNDIA WIN