മലപ്പുറം – അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശി രാജേഷ് എന്ന യുവാവാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്ത് കയറി പരാക്രമം കാട്ടിയത്.ശ്രീകോവിലിനകത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളും വിളക്കുകളും ഇയാൾ എടുത്തറിഞ്ഞു. വിളക്കിലെ എണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഏറെനേരം ശ്രീകോവിലിനകത്ത് നിന്ന് പുറത്തിറങ്ങാതെ ഇയാൾ കുത്തിയിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസും ക്ഷേത്ര ജീവനക്കാരും ചേർന്ന് ഇയാളെ ബലമായി പിടികൂടുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് രാജേഷ് ശ്രീകോവിലിനകത്തേക്ക് അതിക്രമിച്ചു കയറിയത്. രാവിലെ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു. ഭക്തർക്കിടയിൽ നിന്ന് ഇയാൾ പെട്ടെന്ന് കുതിക്കുകയായിരുന്നു. രാജേഷിന്റെ പരാക്രമം ഏറെനേരം ക്ഷേത്രത്തിൽ അങ്കലാപ്പുണ്ടാക്കി.എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ക്ഷേത്ര ജീവനക്കാരും വിശ്വാസികളും പരിഭ്രാന്തരായി. രാജേഷിനെ പിടി കൂടിയ ശേഷം വിശ്വാസികൾ മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും ക്ഷേത്ര ജീവനക്കാർ തടഞ്ഞു. തുടർന്ന് പോലീസ് ഇയാളെ പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് മാറ്റി.
രാജേഷ് മാനസിക രോഗം ഉള്ളയാളാണെന്നാണ് പറയപ്പെടുന്നത്.നേരത്തെ ഇയാൾ അങ്ങാടിപ്പുറത്ത് വെച്ച് ബസ്സിനു മുന്നിലേക്ക് ചാടിയ സംഭവവും ഉണ്ടായിരുന്നു.
2024 February 18Keralaവി.എം സുബൈർ title_en: Young man’s prowess in Angadipuram temple, Thiruvabharana was taken away, Rajesh was caught