പാലക്കാട്: ഷൊർണൂരിൽ ഒരുവയസ്സുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന അമ്മയെ വിട്ടയച്ചു. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമാണെന്ന സംശയത്തെ തുടർന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, മരണത്തിന് കാരണമാകുന്ന ക്ഷതങ്ങളില്ലെന്നാണു കണ്ടെത്തലെന്നു പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതി കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലെത്തും മുൻപു കുഞ്ഞ് മരിച്ചതിനാൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് കുഞ്ഞിന്‍റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.