വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡൻ, പുത്രൻ ഹണ്ടർ ബൈഡൻ എന്നിവർക്കെതിരായ അഴിമതി കേസ് കൃത്രിമമായി പടച്ചു എന്ന കുറ്റം എഫ് ബി ഐ ചാരന്റെ മേൽ ചുമത്തിയതോടെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുളള യുഎസ് ഹൗസ് പ്രസിഡന്റിന് എതിരെ നടത്തുന്ന ഇംപീച്ച്മെന്റ് നീക്കത്തിനു പിൻബലം നഷ്ടമായി.
യുക്രൈനിലെ എനർജി കമ്പനി ബുറിസ്‍മയുമായി ബന്ധപ്പെട്ടാണ് അലക്സാണ്ടർ സ്മിർനോവ് എന്നയാൾ ബൈഡനും മകനും എതിരെ വ്യാജ ആരോപണം തുന്നിയെടുത്തത്. കമ്പനി 2015ൽ ബൈഡനും 2016ൽ ഹണ്ടറിനും $5 മില്യൺ വീതം കൈക്കൂലി നൽകിയെന്നു സ്മിർനോവ് 2020ൽ എഫ് ബി ഐയെ അറിയിച്ചു. അക്കാലത്തു ബൈഡൻ ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റ് ആയിരുന്നു.
ഈ ആരോപണം ഉയർത്തിപ്പിടിച്ചാണ് ഹൗസ് റിപ്പബ്ലിക്കൻ പാർട്ടി ബൈഡനെതിരെ നീങ്ങുന്നത്.
ബൈഡൻ സ്ഥാനാർഥി ആയപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ച സ്മിർനോവ് (43) ഉണ്ടാക്കിയ കള്ളക്കഥയാണ് അതെന്നു എഫ് ബി ഐ കണ്ടെത്തി. വ്യാഴാഴ്ച്ച ലാസ് വെഗാസ് കോടതിയിൽ ഹാജരായ അയാൾ അപേക്ഷയൊന്നും സമർപ്പിച്ചില്ല.
എത്ര അസത്യവും അവിശ്വസനീയവുമായ ആരോപണങ്ങളും കള്ളസാക്ഷികളുമാണ് ബൈഡനെതിരെ രംഗത്തുള്ളതെന്നു ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇംപീച്ച്മെന്റ് നടപടികൾ ഇനിയെന്തിനു തുടരണമെന്ന് റെപ്. ജെമി റസ്‌കിൻ (ഡെമോക്രാറ്റ്-മേരിലാൻഡ്) ചോദിച്ചു.