കൊച്ചി- തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് കുറുകെ അനുവാദം ചോദിക്കാതെ കെ.എസ്.ഇബി വൈദ്യുതി കാൽ നാട്ടിയതിനെതിരെ നിയമനടപി സ്വീകരിക്കുമെന്ന് എഴുത്തുകാരനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. ഫെയ്‌സ്ബുക്കിൽ കെ.എസ്.ഇ.ബി.: ശുഷ്‌ക്കാന്തിയും കടന്നു കയറ്റവും എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം പറഞ്ഞത്. വെങ്ങോലയിലെ പറമ്പിലാണ് കെ.എസ്.ഇ.ബി കടന്നുകയറിയതെന്നും അദ്ദേഹം പറഞ്ഞു. പറമ്പിൽ റബ്ബർ  വെച്ചിട്ടുണ്ടെങ്കിലും റബ്ബർ വെട്ടിയാൽ കൂലി കൊടുക്കാനുള്ള പണം പോലും കിട്ടാത്തത് കൊണ്ട് ടാപ്പിംഗ്  മുറപോലെ ആണ്. പറമ്പ് താമസസ്ഥലത്തു നിന്നും ഒരു കിലോമീറ്റർ ദൂരെ ആയതുകൊണ്ട് അവധിക്ക് പോകുമ്പോൾ വല്ലപ്പോഴും മാത്രമേ പോയി നോക്കാൻ സാധിക്കാറുള്ളൂ 
കഴിഞ്ഞ ദിവസം നാട്ടിലുള്ള സഹോദരൻ വിളിച്ചു പറഞ്ഞു, ‘ചേട്ടാ, നമ്മുടെ പറമ്പിൽ കെ.എസ്.ഇ.ബി. ആളുകൾ വന്ന് കുഴി എടുത്തിട്ട് പോയി എന്ന് അതിലെ പോയ  പരിചയക്കാർ വിളിച്ചു പറഞ്ഞു. അവിടെ അടുത്ത് എവിടെയോ ഒരു പുതിയ കമ്പനി വരുന്നുണ്ട്, അതിലേക്കുള്ള ഹൈ ടെൻഷൻ ലൈൻ ആണെന്നാണ് പറഞ്ഞത്. പഞ്ചായത്തിൽ അന്വേഷിച്ചിട്ട് അങ്ങനെ ഒരു കമ്പനി വരുന്നതായുള്ള കൃത്യമായ വിവരം ഒന്നും കിട്ടിയില്ല.’
സഹോദരൻ കെ.എസ്.ഇ.ബി. യിൽ വിളിച്ചു.
‘ഞങ്ങൾ അവിടെ രണ്ടു ദിവസം വന്നപ്പോഴും ആരെയും കണ്ടില്ല, അതുകൊണ്ടാണ്  കുഴിയെടുത്തത്” എന്നാണ് അവരുടെ മറുപടി.
‘ആ സ്ഥലം എന്റെ സഹോദരന്റെ  ആണ്. അദ്ദേഹം സ്ഥലത്തില്ല. സ്ഥിരം ടാപ്പിംഗ് ഇല്ലാത്ത റബ്ബർ തോട്ടത്തിൽ ആരെങ്കിലും എല്ലാ സമയവും വന്നിരിക്കുമോ, സ്ഥലത്തിന്റെ ഉടമയെ അറിയാൻ റെവന്യൂ റെക്കോർഡ് നോക്കിയാൽ മതിയല്ലോ. അദ്ദേഹത്തെ അറിയിക്കാതെയും സമ്മതം ഇല്ലാതെയും ഇത് ചെയ്തത് ശരിയായില്ല. ഞങ്ങൾ ഒരു പരാതി നൽകുന്നുണ്ട്’ എന്ന് കെ.എസ്.ഇ.ബി. യെ അറിയിച്ചു.
‘ശരി, ഇനി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ അറിയിക്കാം’ എന്ന് അവർ ഉറപ്പു നൽകി. പരാതി നൽകണമെങ്കിൽ സർവ്വേ നമ്പർ വേണമല്ലോ. വീക്ക് എൻഡ് ആകുമ്പോൾ അതൊക്കെ തപ്പിയെടുത്ത് പരാതി ഉണ്ടാക്കി അയക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു.
24 മണിക്കൂർ കഴിഞ്ഞില്ല, ഫെബ്രുവരി 16, 2024ന് രാവിലെ സഹോദരൻ വീണ്ടും വിളിച്ചു.
‘ചേട്ടാ, ഇന്ന് രാവിലെ അവർ അവിടെ വന്നു വഴിയിൽ പോസ്റ്റിട്ടു, നമ്മുടെ പറമ്പിലേക്ക് രണ്ടു  സ്റ്റേ വലിച്ചു കെട്ടിയിട്ട് പോയി. ഇനി മരങ്ങൾ ഏതെങ്കിലും വെട്ടി മാറ്റേണ്ടി വരുമോ, ഭൂമിയുടെ ഉപയോഗത്തിൽ എന്തെങ്കിലും നിയന്ത്രണമോ ബുദ്ധിമുട്ടോ ഉണ്ടാകുമോ എന്നൊന്നും അറിയില്ല.’
ലൈൻ വലിക്കുന്ന കാര്യത്തിൽ എത്ര കാര്യക്ഷമവും ശുഷ്‌കാന്തിയും ആണെന്ന് നോക്കൂ.
എന്നാൽ മറ്റൊരാളുടെ പറമ്പിൽ പോയി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അയാളെ അറിയിക്കാനോ സമ്മതം മേടിക്കാനോ യാതൊരു ശുഷ്‌കാന്തിയും ഉത്തരവാദിത്തവും കാണിച്ചില്ല താനും.
വിദേശത്തുള്ള ഒരാളുടെ പറമ്പിൽ ഒരു തരത്തിലുള്ള മുന്നറിയിപ്പും കൂടാതെ കടന്നു കയറുന്നു. അക്കാര്യത്തിൽ ഉടമക്ക് പരാതി ഉണ്ടെന്ന് അറിയിച്ചിട്ടും പരാതി കൊടുക്കുന്നതിന് മുൻപേ തന്നെ പണിയും തീർത്ത് ലൈനും വലിച്ച് സ്റ്റേയും കെട്ടി പോകുന്നു. അത് അയാൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളും നഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന ഒരു വിവരവും നൽകുന്നില്ല.
ഇതിനൊന്നും ഇവർക്ക് ഒരു നിയമവും ഇല്ലേ? മറ്റൊരാളുടെ പറമ്പിൽ കയറി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അവരെ അറിയിക്കേണ്ടേ? അവരുടെ സമ്മതം ആവശ്യമില്ലേ? ഒരു സ്ഥലത്തിന്റെ ഉടമ ആരാണെന്നറിയാൻ പറന്പിലേക്ക് നോക്കി നിൽക്കുന്നതല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇവരുടെ അടുത്തില്ലേ? ഇതാണോ കെ.എസ്.ഇ.ബി. യുടെ എസ്.ഓ.പി.?
ഞാൻ വീടിനടുത്തുള്ള കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോമറിന്റെ അടുത്ത് പോയി അവിടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ രണ്ടു ദിവസം കണ്ടില്ലെങ്കിൽ അത് അടിച്ചു മാറ്റിക്കൊണ്ട് പോയാൽ എന്തായിരിക്കും കെ.എസ്.ഇ.ബി. യുടെ പ്രതികരണം?
കെ.എസ്.ഇ.ബി. കാര്യം സാധിച്ചു പോയ സ്ഥിതിക്ക്  ഇനിയിപ്പോൾ എനിക്ക് എന്തെങ്കിലും പരിഹാര മാർഗ്ഗമുണ്ടോ എന്നറിയില്ല. സ്റ്റേ കെട്ടിയതിന് സ്റ്റേ കിട്ടുമോ? അതിന് കോടതിയിൽ പോകേണ്ടി വരുമോ?
ഇതിനൊന്നും പ്രവാസികൾക്ക് സമയമുണ്ടാകില്ല എന്ന് ഉദ്യോഗസ്ഥർക്ക് നന്നായറിയാം. അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് തോന്നുന്നു. സ്ഥിരം നാട്ടിലുള്ള ആളുകളുടെ പറന്പിൽ ഇതുപോലെ കടന്നു കയറുമോ? കടന്നാൽ അവർ സമ്മതിക്കുമോ?
ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ ഇരുന്ന് പ്രവാസികൾക്ക് എന്ത് ചെയ്യുവാൻ കഴിയും? ഇതിപ്പോൾ ഞാൻ അറിയുകയെങ്കിലും ചെയ്തു. മറ്റിടങ്ങളിൽ അറിഞ്ഞു വരുന്‌പോഴേക്കും ലൈൻ ചാർജ്ജ് ചെയ്തിരിക്കും !
‘കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ, അതോ ഞാൻ അഴിപ്പിക്കണോ?’ എന്നൊക്കെ ചോദിക്കണം എന്നുണ്ട്. പക്ഷെ അതൊക്കെ സിനിമയിലേ നടക്കൂ.
എന്താണെങ്കിലും നിയമം അനുസരിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഇക്കാര്യത്തിലെ നിയമം അറിയാൻ താല്പര്യമുണ്ട്. ഇത്തരത്തിൽ പ്രവാസികൾക്കും അല്ലാത്തവർക്കും അനുഭവങ്ങൾ ഉണ്ടെങ്കിൽ അറിയാനും ആഗ്രഹം ഉണ്ട്. പണിയെല്ലാം കഴിഞ്ഞ് അവർ പോയെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ പരാതി നൽകും. അത്രയും ചെയ്യാൻ  ഞാനും ബാധ്യസ്ഥനാണല്ലോ. എന്താണ് സംഭവിക്കുന്നതെന്ന് വഴിയേ പറയാമെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കി.
നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം,പ്രസ് ക്ലബ് പ്രസിഡന്റിനെതിരെ കേസ് 
2024 February 17KeralaKSEBmurali thummarukudiVengolatitle_en: murali thummarukudi face book post

By admin

Leave a Reply

Your email address will not be published. Required fields are marked *