മോസ്കോ: റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സ് നവാൾനി ജയിലിൽ കിടന്നു മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർക്ടിക് സർക്കിളിലെ ജയിലിൽ കഴിയുകയായിരുന്നു 19 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹം. റഷ്യയിലെ ഏറ്റവും പ്രാകൃതമായ ജയിലുകളിൽ ഒന്നാണത്.
പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ ഏറ്റവും ശക്തനായ എതിരാളിയെന്നു അറിയപ്പെട്ട നവാൾനിയുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾക്കു രാഷ്ട്രീയ സ്വഭാവമുണ്ടെന്ന വിമർശനം പതിവായിരുന്നു.
വെള്ളിയാഴ്ച ജയിലിൽ നടക്കാൻ പോയ നവാൾനിക്കു പെട്ടെന്നു അസ്വസ്ഥത തോന്നിയെന്നു റഷ്യയുടെ യാമലോ-നെനെറ്സ് ഡിസ്ട്രിക്ട് ജയിൽ അധികൃതർ പറഞ്ഞു. അദ്ദേഹത്തിന് ഉടൻ ബോധം നഷ്ടമായി. അടിയന്തരമായി മെഡിക്കൽ ടീം എത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇത് കൊലപാതകമാണെന്ന് നൊബേൽ സമ്മാന ജേതാവായ റഷ്യൻ പത്രാധിപർ ദിമിത്രി മുറാറ്റോവ് പറഞ്ഞു.
തീവ്രവാദ കുറ്റം ചുമത്തി 30 വർഷത്തെ തടവ് ശിക്ഷ നൽകിയ നവാൾനി ഡിസംബറിൽ വ്ലാദിമിർ മേഖലയിലെ ജയിലിൽ നിന്ന് അപ്രത്യക്ഷനായിരുന്നു.