തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിലേക്കും പ്രഖ്യാപനത്തിലേക്കും കടന്നിട്ടും സംസ്ഥാന കോൺഗ്രസിൽ അനക്കമൊന്നുമില്ല. എന്നെ തല്ലേണ്ടമ്മാവാ നന്നാവൂല എന്ന മട്ടിലോ അതുമല്ലെങ്കിൽ ശങ്കരൻ പിന്നെയും തെങ്ങിന്മേൽ തന്നെ എന്ന രീതിയിലോ ആണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൻെറ പോക്ക്. ഇപ്പോഴത്തെ പോക്ക് അനുസരിച്ചാണെങ്കിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവരാൻ മാർച്ച് പത്ത് വരയെങ്കിലും കാത്തിരിക്കേണ്ടി വരും. പ്രഖ്യാപനം അനന്തമായി വൈകുന്നതിൽ എം.പിമാരെല്ലാം അസ്വസ്ഥരാണ്.
ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് എം.പിമാരുടെ ആശങ്ക. ഭാരത് ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി തിരക്കിലായതാണ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിന് നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്ക്രീനിങ്ങ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് രാഹുൽ പരിശോധിച്ചശേഷമേ ഹൈക്കമാൻഡ് അംഗീകരിക്കുകയുളളു. ഭാരത് ന്യായ് യാത്ര തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെട്ടിക്കുറയ്ക്കാൻ സാധ്യതയുളളതിനാൽ മാർച്ച് ആദ്യവാരം രാഹുൽ ഡൽഹിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
കർണാടക പോലുളള സംസ്ഥാനങ്ങളിലെ സ്ക്രീനിങ്ങ് കമ്മിറ്റികൾ നടപടികൾ പൂർത്തിയാക്കാത്തതും പട്ടിക വൈകുന്നതിന് കാരണമായി പറയുന്നുണ്ട്.കേരളത്തിലെ സ്ക്രീനിങ്ങ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായ ഹരീഷ് ചൗധരി ഈമാസം അവസാനത്തോടെ വീണ്ടും ചർച്ച ആരംഭിക്കും.
ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും സിറ്റിങ്ങ് എം.പിമാരെ തന്നെ മത്സരിപ്പിക്കാൻ ധാരണയായിട്ടുളളതിനാൽ സംസ്ഥാനത്തെ സീറ്റ് നിർണയം ഇക്കുറി കോൺഗ്രസിന് വലിയ വെല്ലുവിളിയില്ല. 15 സിറ്റിങ്ങ് എം. പിമാരിൽ കെ.സുധാകരൻ ഒഴികെ ഏതാണ്ട് എല്ലാവരും മത്സരിക്കാൻ തയാറിയിട്ടുണ്ട്.
അമേരിക്കൻ ചികിത്സാ പരിശോധന കഴിഞ്ഞുവന്ന സുധാകരനും വേണമെങ്കിൽ മത്സരത്തിന് ഇറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ഇടതുമുന്നണിയുടെ സീറ്റായ ആലപ്പുഴയിലേക്ക് മാത്രമാണ് പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത്.എന്നിട്ടും പട്ടിക പ്രഖ്യാപിക്കാൻ നേതൃത്വം മടിച്ചുനിൽക്കുകയാണ്.ശനിയാഴ്ച മൂന്ന് ദിവസത്തെ ദേശിയ നേതൃയോഗത്തിന് ശേഷം ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.എൽ.ഡി.എഫും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നു കഴിഞ്ഞു.
എതിർ മുന്നണികളെല്ലാം പ്രചാരണത്തിൽ സജീവമായാലും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവരില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ പരിതസ്ഥിതി തിരിച്ചറിഞ്ഞ് ഇടപെട്ടില്ലെങ്കിൽ വിജയ സാധ്യതയെ ബാധിക്കുമെന്ന് കോൺഗ്രസിന് ആര് പറഞ്ഞു കൊടുക്കും എന്നാണ് പ്രവർത്തകരുടെ ചോദ്യം.സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് ഒപ്പം മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത് വൈകുന്നതും കോൺഗ്രസിന് തലവേദനയാണ്. ആലപ്പുഴ, തൃശൂർ ജില്ലകളിലെ മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പാണ് വൈകുന്നത്.