ഈ തണുപ്പു കാലത്ത് രാവിലെ തന്നെ ഒരു കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നവരാകും നമ്മളിൽ പലരും. എന്നാൽ അതിൽ കുറച്ചു വെറൈറ്റി പിടിച്ചാലോ? നെയ്യ് കോഫിയെ കുറിച്ച് കേട്ടിട്ടുണ്ടോ! ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ സഹായിക്കും. തണുപ്പുകാലത്ത് നെയ്യ് ഒഴിച്ച് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
കട്ടൻ കാപ്പി കുടിക്കുന്നതിനെക്കാൾ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീർഘനേരം ഊർജ്ജം നിലനിർത്താൻ സഹായിക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പ് കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ഊർജം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും.
കൊഴുപ്പ് ഉണ്ടെങ്കിൽ തടി കൂടുമെന്നാണ് പൊതുധാരണ. എന്നാൽ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളുമുണ്ട്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ വർധിപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ തടികൂടുമെന്ന പേടിയും വേണ്ട. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് കൊണ്ടാണ് സാധാരണ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.
ചൂട് കാപ്പി ഉള്ളിൽ ചെല്ലുമ്പോൾ ശരീരത്തിൽ തന്നെയൊരു ഊഷ്മളത ഉണ്ടാകും. നെയ്യ് ഒഴിച്ചാകുമ്പോൾ ഇത് ഇരട്ടിയാകും. നെയ്യ് കാപ്പിക്ക് ഉള്ളിൽ നിന്ന് സ്വാഭാവികമായും ചൂട് നിലനിർത്താൻ കഴിയും.സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാൻ. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.