കലിഫോർണിയ: കലിഫോർണിയയിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ഞെട്ടിച്ച കുടുംബ മരണങ്ങളിൽ എൻജിനിയർ ആനന്ദ് സുജിത് ഹെൻറിയാണ് (42) പ്രതിയെന്നു പോലീസ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഭാര്യ ആലിസ് പ്രിയങ്ക ബെൻസിഗറെയും (40) ഇരട്ട കുട്ടികളെയും കൊന്ന ശേഷം ആനന്ദ് ജീവിതം അവസാനിപ്പിക്കയാണ് ചെയ്തതെന്നു പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു.
കൊല്ലം സ്വദേശികളായ ആനന്ദിനെയും ആലീസിനെയും മക്കളായ നോഹയെയും നെയ്തനെയും (4) അലമേട ദേ ലാസ് പൽഗാസിലുളള $2.1 മില്യൺ ഭവനത്തിൽ തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹീറ്ററിൽ നിന്നു വിഷവാതകം ശ്വസിച്ചാണ് അവർ മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ആനന്ദിനും ആലിസിനും വെടിയേറ്റതായി കണ്ടെത്തി. ആനന്ദിന്റെ പേരിൽ റജിസ്റ്റർ ചെയ്ത 9 എംഎം കൈത്തോക്ക് ജഡങ്ങൾക്കു സമീപം ശുചിമുറിയിൽ കിടന്നിരുന്നു.
“സൻ മതേയോ പോലീസീനും കൊറോണർ ഓഫീസിനും കൗണ്ടി ക്രൈം ലാബിനും ഇന്നു വരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു ആനന്ദ് ഹെൻറിയാണ് ഈ മരണങ്ങൾക്കു ഉത്തരവാദി,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
തുറന്നു കിടന്ന ജനലിലൂടെയാണ് പോലീസ് വീട്ടിൽ കടന്നത്. കുട്ടികളുടെ ജഡങ്ങളിൽ ആഘാതമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നില്ല. അവർ എങ്ങിനെ മരിച്ചുവെന്നത് തീർച്ചപ്പെട്ടില്ലെന്നു പോലീസ് പറഞ്ഞു. “എന്നാൽ അവർക്കു ശാരീരിക ആഘാതം ഉണ്ടായിട്ടില്ല. വെടിയേറ്റിട്ടുമില്ല. പാത്തോളജി വിശകലനം തുടരുകയാണ്.”
ആലീസിനു പല തവണ വെടിയേറ്റതായി പോലീസ് കണ്ടെത്തി. ആനന്ദ് ഒരൊറ്റ വെടികൊണ്ടു മരിച്ചിരുന്നു.
ആനന്ദിന്റെ വീട്ടിൽ നിരന്തരം അക്രമം ഉണ്ടായിരുന്നു എന്ന സൂചനയൊന്നും ലഭ്യമല്ലെന്നു പോലീസ് പറഞ്ഞു. 2020ൽ പുരയിടത്തിൽ കടുവ എത്തിയപ്പോൾ ആനന്ദ് പോലീസിനെ വിളിച്ചിരുന്നു. അവിടെ താമസമാക്കിയ ശേഷം കാട്ടിൽ നിന്ന് ഇത്തരം ചില ഭീഷണികൾ ഉണ്ടാവുന്നുവെന്നു ആനന്ദും ആലീസും പരാതിപ്പെട്ടിരുന്നു.
പിറ്റസ്ബർഗിലെ കാർണീജി മെലൺ യൂണിവേഴ്സിറ്റിയിലാണ് ഇരുവരും പഠിച്ചത്. ന്യൂ ജഴ്‌സിയിൽ താമസിച്ചിരുന്ന അവർ പിന്നീട് സൻ മതേയോയിലേക്കു മാറി. ഒൻപതു വർഷമായി യുഎസിൽ.
മെറ്റയിലും ഗൂഗിളിലും സോഫ്ട്‍വെയർ എൻജിനിയർ ആയിരുന്ന ആനന്ദ് പിന്നീട് സ്വന്തം എ ഐ സ്ഥാപനം ആരംഭിച്ചു. ആലിസ് ജോലി ചെയ്തിരുന്നത് സില്ലോയിലാണ്. 2016 ഡിസംബറിൽ ആനന്ദ് വിവാഹമോചന കേസ് കൊടുത്തിരുന്നു. പക്ഷെ കേസ് മുന്നോട്ടു കൊണ്ടുപോയില്ല.