തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിൽ വ‍ർക്കല എം.എൽ.എയും ജില്ലാ സെക്രട്ടറിയുമായ വി. ജോയിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിലൂടെ നടപ്പായത് തലസ്ഥാന ജില്ലയിലെ സി.പി.എമ്മിലെ പ്രബല ഗ്രൂപ്പിൻെറ അജണ്ട.  സ്ഥാനാർത്ഥിയാക്കുക വഴി തങ്ങൾക്ക് അനഭിമതനായ വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയാണ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനാവൂ‍‍ർ നാഗപ്പനും മന്ത്രി വി. ശിവൻകുട്ടിയും നേതൃത്വം നൽകുന്ന ഗ്രൂപ്പിൻെറ ലക്ഷ്യം. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പിന്നാലെ ജില്ലാ കമ്മിറ്റി വിളിച്ച് സെക്രട്ടറിയുടെ ചുമതല മറ്റൊരു നേതാവിന് കൈമാറും.
വാമനപുരം എം.എൽ.എയും ആനാവൂ‍ർ – ശിവൻകുട്ടി ഗ്രൂപ്പിൻെറ വിശ്വസ്തനുമായ ഡി.കെ. മുരളിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാനാണ് ഇവരുടെ നീക്കം. ആനാവൂ‍‍ർ ഗ്രൂപ്പിൻെറ നീക്കത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്ന ജോയി മത്സരിക്കുന്നത് ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. കടകംപളളി സുരേന്ദ്രനെ സ്ഥാനാ‍‍ർത്ഥിയാക്കി, സ്വയം ഒഴിവാകാനായിരുന്നു ജോയിയുടെ പദ്ധതി. എന്നാൽ തലസ്ഥാനത്തെ സ്മാ‍ർട്ട് സിറ്റി റോഡ് പദ്ധതിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഭരിക്കുന്ന പൊതു മരാമത്ത് വകുപ്പിനെ വിമ‍ർശിച്ച് വിവാദത്തിലായ കടകംപളളി കൈവന്ന അവസരം കളഞ്ഞുകുളിച്ചു.
ജോയി അല്ലാതെ മറ്റാര് മത്സരിച്ചാലും വിജയസാധ്യതയില്ലെന്ന് നേതാക്കൾക്കിടയിലും  അണികൾക്കിടയിലും ഒരുപോലെ പ്രചരിപ്പിച്ച ആനാവൂർ – ശിവൻകുട്ടി പക്ഷം വലമുറുക്കുക കൂടി ചെയ്തതോടെ ആഗ്രഹിക്കാത്ത മത്സരത്തിന് വഴങ്ങേണ്ടി വന്ന അവസ്ഥയിലാണ് വി.ജോയി.
ജില്ലയിലെ പാ‍‍ർട്ടിയെ അടക്കി ഭരിച്ച നേതൃത്വത്തിന് വഴിപ്പെടാത്തതാണ് ജോയിയെ മാറ്റാനുളള നീക്കത്തിന് വഴി മരുന്നിട്ടത്. പാർട്ടി വിഭാഗീയതയിൽ കടകംപളളിക്ക് ഒപ്പം നിന്നിരുന്ന വി.ജോയി , അദ്ദേഹത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായത്. സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്നിട്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ജോയിക്ക് സഹായമായത് എം.എൽ.എ എന്ന നിലയിലുളള മികച്ച പ്രവ‍ർത്തനമാണ്.
വൈകാതെ ആനാവൂരിന് പകരക്കാരനായി ജില്ലാ സെക്രട്ടറി കൂടിയായതോടെ ജില്ലയിലെ പാ‍‍ർട്ടി ജോയിക്ക് പിന്നിൽ അണിനിരക്കുമെന്ന അവസ്ഥയായി. ഇതിൽ അസ്വസ്ഥരായ എതിർ വിഭാഗം സ്ഥാനാ‍‍ർത്ഥിയാക്കാനുളള കുഴി കുഴിച്ച് ജോയിയെ വീഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്.                                                                                         
തിരഞ്ഞെടുപ്പ് കാലത്ത് താൽക്കാലിക ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്താൽ മതിയെന്ന് വി. ജോയി നേതൃത്വത്തോട് ആവശ്യപ്പെടും. ഫലം വന്നശേഷം സ്ഥിരം സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും നേതൃത്വത്തെ ധരിപ്പിക്കും. 2019 -ൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി വി.എൻ വാസവൻ  മത്സരിച്ചപ്പോൾ സ്ഥിരം ചുമതല കൈമാറിയിരുന്നില്ല. തോമസ് ചാഴികാടനോട് പരാജയപ്പെട്ട വാസവൻ പിന്നീട് ജില്ലാ സെക്രട്ടറി പദവിയിൽ തിരിച്ചെത്തുകയും ചെയ്തു. ഈ മാതൃക തിരുവനന്തപുരത്തും അവലംബിക്കണമെന്നാണ് ആവശ്യം.  
ജില്ലയെ അടക്കി ഭരിച്ചുകൊണ്ടിരുന്ന വൃദ്ധ നേതൃത്വത്തിൻെറയും അവരുടെ കൂട്ടാളികളുടെയും നടപടികളിൽ ഞെരിഞ്ഞ് അമ‍ർന്നിരുന്ന യുവജന നേതാക്കളുടെ പിന്തുണയും ജോയിക്കുണ്ട്. കാലഹരണപ്പെട്ട രീതികളുമായി ജില്ലയിലെ പാ‍‍‍‍ർട്ടിയെ കൈയ്യടക്കി വെച്ചിരിക്കുന്ന വിഭാഗത്തിൽ  നിന്ന് ജില്ലാ സെക്രട്ടറി പദവി വി. ജോയിയിലെത്തിയപ്പോൾ യുവനേതാക്കൾ വലിയ ആശ്വാസത്തിലായിരുന്നു.
തിരഞ്ഞെടുപ്പ് കെണിയൊരുക്കി ജോയിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുളള നീക്കത്തിൽ അവ‍‍ർക്കും ആശങ്കയുണ്ട്. ജോയിയെ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിക്കാൻ ആസൂത്രിതമായ നീക്കം നടന്നുവെന്നാണ് യുവ നേതാക്കളുടെ ആക്ഷേപം. പാ‍‍ർട്ടിയുടെ ശക്തി കേന്ദ്രമായ ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കാൻ ജോയിയെ മത്സരിപ്പിച്ചേ തീരു എന്ന പ്രചാരണം അഴിച്ചുവിട്ടുകൊണ്ടാണ് നീക്കത്തിൻെറ തുടക്കം.
ശിവഗിരി മഠം ഉൾപ്പെടുന്ന മണ്ഡലത്തിൽ ഈഴവ വിഭാഗത്തിൽ നിന്നുളള ജോയിയുടെ വരവ് അടൂ‍ർ പ്രകാശിന് വെല്ലുവിളി ഉയ‍ർത്തും എന്നും പ്രചരിപ്പിച്ചു. അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി പാ‍ർട്ടി നടത്തിയ അഭ്യന്തര സർവേയുടെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രചരണം. തിരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട ആനാവൂ‍ർ നാഗപ്പനും വി. ശിവൻകുട്ടിയും ജോയി അല്ലാതെ ആര് നിന്നാലും വിജയ സാധ്യതയില്ലെന്നും അറിയിച്ചു. ഇതോടെയാണ് മത്സരക്കളത്തിലേക്ക് വി. ജോയി തളളിയിടപ്പെട്ടത്.  21ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാൻ ജില്ലാ കമ്മിറ്റി ചേരും.

By admin

Leave a Reply

Your email address will not be published. Required fields are marked *