ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും കുതിപ്പ് തുടങ്ങിയെന്ന് യൂറോപ്യന്‍ കമ്മീഷന്റെ നിരീക്ഷണം. യൂറോപ്യന്‍ യൂണിയനെയും യൂറോ മേഖലയെയും മറികടന്നുള്ള വളര്‍ച്ചയാകും അയര്‍ലണ്ട് കൈവരിക്കുകയെന്നും ഈ വര്‍ഷത്തെ ആദ്യ സാമ്പത്തിക പ്രവചനത്തില്‍ കമ്മീഷന്‍ നിരീക്ഷിക്കുന്നു.
അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 1.2ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചനം. ഐറിഷ് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍, യൂറോസോണ്‍ എന്നിവയുടെ മുന്നിലെത്തും. ഇ യു സമ്പദ്വ്യവസ്ഥയ്ക്ക് ഈ വര്‍ഷം 0.9 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്മീഷന്‍ പറയുന്നത്. മുമ്പ് കണക്കാക്കിയതിനേക്കാള്‍ കുറവാണിത് 2025ല്‍ ഇയു സമ്പദ്വ്യവസ്ഥ 1.7 വളര്‍ച്ച നേടുമെന്നും കമ്മീഷന്‍ പ്രവചിക്കുന്നു.യൂറോ മേഖലയില്‍ ഈ വര്‍ഷം കമ്മീഷന്‍ പ്രവചിക്കുന്ന ജി ഡി പി വളര്‍ച്ച 0.8 ശതമാനമാണ്. 2025ല്‍ ഇത് 1.5 ശതമാനവുമാണ്.
ജി ഡി പി വളര്‍ച്ച 3.2 ശതമാനമാകും
കയറ്റുമതിയുടെ മികവില്‍ അടുത്ത വര്‍ഷം ജി ഡി പി വളര്‍ച്ച 3.2 ശതമാനമായി ഉയരുമെന്ന് കമ്മീഷന്‍ പറയുന്നു.അയര്‍ലണ്ടിന്റെ മോഡിഫൈഡ് ഡൊമസ്റ്റിക് (എം ഡി ഡി)ഡിമാന്റുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ കമ്മീഷന്റെ പ്രവചനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ജി ഡി പിയില്‍ നിന്ന് പേറ്റന്റുകളും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതും മറ്റും ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ അനുകൂല മാനദണ്ഡമാണ് എം ഡി ഡി.കഴിഞ്ഞ വര്‍ഷം എം ഡി ഡി 2 ശതമാനത്തിലധികം വളര്‍ച്ച നേടിയിരുന്നു.ഈ വര്‍ഷവും കുറഞ്ഞ തോതിലാണെങ്കിലും വളര്‍ച്ച തുടരുമെന്ന് കമ്മീഷന്‍ പറയുന്നു.
നാണയപ്പെരുപ്പം കുറയും
ഈ വര്‍ഷം അയര്‍ലണ്ടില്‍ നാണയപ്പെരുപ്പവും കുറയും.രാജ്യത്തെ നാണയപ്പെരുപ്പം കഴിഞ്ഞ വര്‍ഷത്തെ 5.2 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 2.2 ശതമാനമാകും. അടുത്ത വര്‍ഷം ഇത് 1.9 ശതമാനമാകുമെന്നും കമ്മീഷന്‍ പറയുന്നു. പണപ്പെരുപ്പം കുറയുന്നതും തൊഴില്‍ വിപണി ശക്തമാകുന്നതും അയര്‍ലണ്ടിലെ ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തു നല്‍കുമെന്നും കമ്മീഷന്‍ പറയുന്നു. ഈ വര്‍ഷവും അടുത്ത വര്‍ഷവും സ്വകാര്യ ഉപഭോഗ വളര്‍ച്ച ശക്തമാകുന്നതിനും അത് കാരണമാകും.
അതേ സമയം,യൂറോപ്യന്‍ യൂണിയനിലാകെ പണപ്പെരുപ്പം ഈ വര്‍ഷം 3 ശതമാനമായിരിക്കും. അടുത്തവര്‍ഷം അത് 2.2 ശതമാനത്തിലെത്തുമെന്നും നിരീക്ഷണം പറയുന്നു. 20 അംഗ യൂറോസോണിലെ പണപ്പെരുപ്പം ഈ വര്‍ഷം 2.7 ശതമാനവും 2025ല്‍ 2.2 ശതമാനവുമാകുമെന്നും ഇക്കണോമി കമ്മീഷണര്‍ പൗലോ ജെന്റിലോണി പറയുന്നു.
കയറ്റുമതിയിലും കുതിക്കും
കയറ്റുമതിയിലും 2024ലും 2025ലും അയര്‍ലണ്ടില്‍ അനുകൂല സ്ഥിതി തുടരുമെന്ന് കമ്മീഷന്‍ പറയുന്നു. സമീപകാലത്തുണ്ടായ വന്‍ തോതിലുള്ള നിക്ഷേപങ്ങളും ബാഹ്യ വ്യാപാര സാഹചര്യങ്ങളിലെ പുരോഗതിയും കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകും. മള്‍ട്ടി നാഷണലുകളുടെ ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം (ജി ഡി പി) കഴിഞ്ഞ വര്‍ഷം 1.9 ശതമാനം ചുരുങ്ങിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *