ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുത്തന്‍കാറുകളുടെ ഒഴുക്ക് തുടങ്ങി.പുതിയ വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 24% വര്‍ധനവാണ് പുതിയ വാഹനങ്ങളുടെ കാര്യത്തിലുണ്ടായിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 16,787 കാറുകളാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഈ ജനുവരിയില്‍ 20,861 കാറുകള്‍ നിരത്തിലെത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസില്‍ നിന്നുള്ള പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്ന് സി എസ് ഒ പറയുന്നു.ഇ വിയുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വളര്‍ച്ചയാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് സി എസ് ഒ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ടായി. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 2,829 ഇ വികളാണ് റോഡിലെത്തിയത്.
ഇ വി കാറുകളില്‍ നേരിയ കുറവ്
എന്നാല്‍ ജനുവരിയിലെ മൊത്തം കാറുകളുടെഎണ്ണവുമായി ഒത്തുനോക്കുമ്പോള്‍ ഇലക്ട്രിക് കാറുകളുടെ വരവില്‍ ഒരു ശതമാനം കുറവുണ്ടായെന്ന് സി എസ് ഒ പറയുന്നു. വര്‍ഷം ജനുവരിയില്‍ 15% ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
2024 ജനുവരിയില്‍ 6,119 പെട്രോള്‍ കാറുകള്‍ പുതിയതായി എത്തി. കഴിഞ്ഞ ജനുവരിയില്‍ ഇത് 5,819 ആയിരുന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയം 3,427 പുതിയ ഡീസല്‍ കാറുകളാണ് ഇവിടെ ലൈസന്‍സ് നേടിയത്. ഈ വര്‍ഷം അത് 4,337 ആയി ഉയര്‍ന്നു.
യൂസ്ഡ് കാറുകളുടെ എണ്ണത്തിലും പുതു വര്‍ഷത്തിന്റെ ആദ്യ മാസം വര്‍ധനവ് രേഖപ്പെടുത്തി.ഈ ജനുവരിയില്‍ ആകെ 4,600 യൂസ്ഡ് കാറുകളാണ് ഇവിടെയെത്തിയത്. 2023 ജനുവരിയില്‍ ഇത് 3,572 എണ്ണമായിരുന്നു. 30% വര്‍ധനയാണിതെന്ന് സി എസ് ഒ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കാറുകളില്‍ ടൊയോട്ട,ഹ്യുണ്ടായ് കോന
ജനുവരിയിലെ പുതിയ കാറുകളില്‍ ടൊയോട്ട (4,113)ഏറ്റവും ജനപ്രിയ താരമായെന്ന് സി എസ് ഒ പറയുന്നു. രണ്ടാം സ്ഥാനത്ത് ഹ്യൂണ്ടായ് (2,699) ആണ്. സ്‌കോഡ (1,753), കിയ (1,567), ഫോക്‌സ്വാഗണ്‍ (1,483) എന്നിങ്ങനെയാണ് മറ്റു വാഹനങ്ങളുടെ ഇഷ്ടക്കണക്കുകള്‍.കഴിഞ്ഞ മാസം അയര്‍ലണ്ടിലെത്തിയ പുതിയ കാറുകളുടെ 56%വും ഈ അഞ്ച് വാഹനങ്ങളായിരുന്നു.
പുതിയ ഇലക്ട്രിക് കാറുകളില്‍ ഹ്യുണ്ടായ് കോന(320)യാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയത്.ഫോക്സ്വാഗണ്‍ ഐഡി.4 (215), എംജി4 (136), ഫോക്സ്വാഗണ്‍ ഐഡി.3 (132) എന്നിങ്ങനെയും ആളുകള്‍ ഇ വികള്‍ക്ക് ആവശ്യക്കാരുണ്ടായി.