യുനൈറ്റഡ് നേഷന്‍സ്: പലസ്തീന്‍ വിമോചനത്തിനു വേണ്ടി പോരാടുന്ന ഹമാസ് ഭീകര സംഘടനയല്ലെന്ന് യുഎന്‍ റിലീഫ് മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്സ്. രാഷ്ട്രീയ പ്രസ്ഥാനമാണു ഹമാസ് എന്നും അദ്ദേഹം മാധ്യമ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഗസ്സ ഭരണം തീവ്രവാദ സംഘത്തിന് നല്‍കില്ലെന്നുമുള്ള ഇസ്രയേലിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമോ എന്ന് അഭിമുഖകാരന്‍ ചോദിച്ചപ്പോഴായിരുന്നു ഗ്രിഫിത്ത്സിന്റെ പ്രതികരണം. ഭവന രഹിതരായ 14 ലക്ഷത്തോളം മനുഷ്യര്‍ തമ്പടിച്ച റഫയില്‍ ഇസ്രായേല്‍ ആക്രമണം നടത്താനൊരുങ്ങുന്നതിനെ കുറിച്ചോര്‍ത്ത് രാത്രി ഉറക്കം നഷ്ടപ്പെടുന്നുവെന്നും ഗ്രിഫിത്ത്സ് പറഞ്ഞു.
“”ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ യുദ്ധത്തിലൂടെ ഒരു പ്രസ്ഥാനത്തെ പുറത്താക്കുന്നത് വളരെ ബുദ്ധിട്ടാണെന്ന് ഞാന്‍ കരുതുന്നു’ ~അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ നന്നായി വേരൂന്നിയ സംഘത്തെ യുദ്ധത്തിലൂടെ അതിജയിച്ചതിന് ഒരിടത്തും മുന്‍മാതൃകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണം ഇസ്രയേലിന് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് തനിക്ക് പൂര്‍ണ്ണമായ ധാരണയുണ്ടെന്ന് പറഞ്ഞ ഗ്രിഫിത്ത്സ്, അയല്‍ക്കാരുമായി ഇസ്രായേല്‍ നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
ഗ്രിഫിത്തിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് എലിയോണ്‍ ലെവി രംഗത്തുവന്നു. 9/11 ന് ശേഷമുള്ള ഏറ്റവും മാരകമായ ഭീകരാക്രമണം നടത്തിയവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിനുപകരം അവരെ സംരക്ഷിക്കാന്‍ തന്റെ അധികാരം അദ്ദേഹം ദുരുപയോഗം ചെയ്യുകയാണെന്ന് ലെവി ആരോപിച്ചു.