ഡല്‍ഹി: അയോഗ്യയാക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്രക്ക് എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ നോട്ടീസ്. വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഡൽഹിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാവാണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ചോദ്യത്തിന് കോഴ ആരോപണ കേസിൽ സിബിഐയുടെ ചോദ്യങ്ങൾക്ക് മഹുവ മറുപടി നൽകിയ അതേ ദിവസമാണ് ഇഡിയും നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതികരണം പരിശോധിച്ച് വരികയാണെന്നും അതിന് ശേഷം അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ ലോക്പാലിന് റിപ്പോർട്ട് അയയ്‌ക്കുമെന്നും അത് ഏജൻസിക്ക് റഫർ ചെയ്‌തിട്ടുണ്ടെന്നും അവർ പറഞ്ഞു.
ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഹുവയെ അയോഗ്യയാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായി ചോദ്യം ചോദിക്കാൻ മഹുവ വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽനിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
മഹുവയുടെ മുൻ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ അരോപണങ്ങൾ അടിസ്ഥാനമാക്കി മഹുവക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്പാലിന് പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ലോക്പാൽ സിബിഐയോട് നിർദേശിച്ചിരുന്നു. സിബിഐയുടെ ചോദ്യങ്ങൾക്ക് മഹുവ മറുപടി നൽകിയ അതേദിവസമാണ് ഇഡിയും നോട്ടീസ് അയച്ചിരിക്കുന്നത്.
2023 ഡിസംബർ 8 ന് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുകയും പാർലമെന്റ് വെബ്സൈറ്റിന്റെ യൂസർ ഐഡിയും പാസ്വേഡും പങ്കുവെക്കുകയും ചെയ്തതിനാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.
ഉപഹാരങ്ങൾക്കായി വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചെന്നായിരുന്നു ആരോപണം. ‘സന്മാർഗികമല്ലാത്ത പെരുമാറ്റം’ ആരോപിച്ചായിരുന്നു നടപടി.
ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിക്‌സ് കമ്മറ്റി അന്വേഷണം നടത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരുന്നു എംപിയെ പുറത്താക്കിയത്.